messi

ബാഴ്സലോണ: ലയണല്‍ മെസി ബാഴ്സലോണ വിടാന്‍ തീരുമാനിച്ചതോടെ യൂറോപ്യന്‍ ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിപണിക്ക് ശരിക്കും ചൂട് പിടിച്ചിരിക്കുന്നു. മെസിയുടെ ഓരോ നീക്കവും സസൂക്ഷ്മം നിരീക്ഷിക്കുകയാണ് ഫുട്ബോള്‍ ലോകം. മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗോര്‍ഡിയോളയുമായി മെസി നേരിട്ട് സംസാരിച്ചതിന് ശേഷം അടുത്ത നീക്കം വ്യക്തമല്ല. അതിനിടെ, പി.എസ്.ജി പ്രതിനിധികള്‍ മെസിയുമായി കരാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും സൂചനയുണ്ട്.

അതിനിടെ ബാഴ്‌സലോണ വിടാനുള്ള മെസ്സിയുടെ പ്ലാനിന് ലാലിഗ അധികൃതര്‍ തടസവാദം ഉന്നയിച്ചു. മെസ്സിക്ക് ബാഴ്‌സലോണ നിശ്ചയിച്ച 700 മില്യണ്‍ യൂറോയുടെ റിലീസ് ക്ലോസ് തുക അടക്കാതെ താരത്തിന് ക്ലബ്ബ് വിടാനാകില്ല എന്നാണ് ലാലിഗ ഔദ്യോഗികമായി വ്യക്തമാക്കിയത്.


ബാഴ്സലോണയില്‍ നിന്നു വിടവാങ്ങാനുറച്ച് അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസി. പുതിയതായി ചാര്‍ജെടുത്ത ബാഴ്സ മുഖ്യപരിശീലകന്‍ റൊണാള്‍ഡ് കൊമാന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടക്കുന്ന പരിശീലനത്തിലേക്ക് മെസി എത്തില്ലെന്ന് സ്പാനിഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ സീസൺ മുന്നോടിയായി ബാഴ്സ താരങ്ങള്‍ക്ക് കൊവിഡ് പരിശോധന നടക്കുന്നുണ്ട്. ഇന്നു നടക്കുന്ന കൊവിഡ് ടെസ്റ്റിന് മെസി വിധേയനാകില്ലെന്നാണ് സൂചന.


ബാഴ്സയില്‍ തുടരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് മെസി വ്യക്തമാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിനു പിന്നാലെയാണ് പരിശീലനത്തിനും മെസി ബാഴ്സയുമായി സഹകരിക്കില്ലെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. പ്രമുഖ സ്പാനിഷ് കായിക പത്രമായ 'മാര്‍സ'യില്‍ ബാഴ്സയുമായി മെസി പരസ്യയുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളുണ്ട്.


ബാഴ്സ മാനേജര്‍ ജോസഫ് മരിയ ബര്‍തോമ്യൂവിനെ മെസി തന്റെ നിലപാട് അറിയിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ലബ് വിടാന്‍ സന്നദ്ധത അറിയിച്ച മെസി പരിശീലന സെഷനില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ നിയമപരമായി മറ്റ് പ്രശ്നങ്ങളില്ലെന്ന് താരത്തിന്റെ അഭിഭാഷകന്‍ പറഞ്ഞതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടയില്‍ മെസിയെ നിലനിര്‍ത്താന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് മാനേജ്‌മെന്റ്.