ശ്രീനഗർ: ജമ്മുകാശ്മീർ രജൗരി ജില്ലയിൽ നിയന്ത്രണരേഖയ്ക്ക് സമീപം നടന്ന വെടിവയ്പിൽ സൈനിക ഓഫീസർക്ക് വീരമൃത്യു. ജൂനിയർ കമ്മിഷൻഡ് ഓഫീസറാണ് കൊല്ലപ്പെട്ടതെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു.
നിയന്ത്രണരേഖയ്ക്ക് സമീപം സംശയാസ്പദമായ ചില കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സൈനിക സംഘം പരിശോധന നടത്തുന്നതിനിടെ അതിർത്തിക്ക് അപ്പുറത്ത് നിന്ന് വെടിവയ്പുണ്ടാകുകയായിരുന്നു. സേന ശക്തമായി തിരിച്ചടിച്ചെങ്കിലും ജൂനിയർ കമ്മിഷൻഡ് ഓഫീസർക്ക് വെടിയേറ്റു. ഇവിടെ ഏറ്റുമുട്ടൽ തുടരുകയാണ്.
ശ്രീനഗറിലെ പന്ത ചൗക്കിൽ ശനിയാഴ്ച വൈകിട്ട് നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന് ജീവൻ നഷ്ടപ്പെട്ടു. എ.എസ്.ഐ ബാബു റാമാണ് വീരമൃത്യു വരിച്ചത്.
രണ്ടോ, മൂന്ന് ഭീകരർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായി കരുതപ്പെടുന്നു. നിലവിൽ ഇവിടെയും വെടിവയ്പ്പ് തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.