paternity-leave

അബുദാബി: അമ്മയ്‌ക്കൊപ്പം അച്ഛനും അവധി നൽകുന്ന ആദ്യ അറബ് അറബ് രാജ്യമായി യു.എ.ഇ. തൊഴിൽ ബന്ധങ്ങളിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച ഫെഡറൽ നിയമങ്ങളിലെ ഭേദഗതി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സയേദ് അൽ നഹ്യാൻ അംഗീകരിച്ചതോടെയാണ് ഇതിനുള്ള വഴി തുറക്കുന്നത്. പുതിയ നിയമം അനുസരിച്ച്, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പിതാവിന് കുഞ്ഞ് ജനിച്ച ദിവസം മുതൽ ആറ് മാസം വരെ ശമ്പളത്തോട് കൂടിയുള്ള അഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുക.

ലിംഗ സന്തുലിതത്വം ഉറപ്പാക്കുക, ലിംഗഭേദമന്യേ തുല്യ അവസരങ്ങൾ സൃഷ്ടിക്കുക, കുടുബം സംബന്ധിച്ച മൂല്യവും സ്ഥിരതയും ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയും ഇക്കാര്യങ്ങളിൽ ലോകരാജ്യങ്ങളുടെ മുന്നിൽ തങ്ങളുടെ നില ഉയർത്തുന്നതിനുമായാണ് യു.എ.ഇ ഈ വിപ്ലവകരമായ മാറ്റത്തിന് ഒരുങ്ങുന്നത്.

'പറ്റേർണിറ്റി ലീവ്' ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അനുവദിച്ച് രാജ്യത്തിന്റെ സ്വകാര്യ മേഖലയിലേക്ക് കൂടുതൽ യുവതീയുവാക്കളെ ആകർഷിക്കാൻ കൂടി വേണ്ടിയാണ് ഈ പുതിയ നീക്കം. അമേരിക്ക പോലുള്ള പാശ്ചാത്യ വികസിത രാജ്യങ്ങളിൽ അമ്മമാർക്ക് ശമ്പളത്തോട് കൂടിയുള്ള മറ്റേർണിറ്റി ലീവ് നൽകാറില്ലെന്നും അച്ചന്മാർക്ക് അവധിയേ ലഭിക്കാറില്ലെന്നുമുള്ള വസ്തുത കണക്കിലെടുക്കുമ്പോൾ യു.എ.ഇയുടെ ഈ തീരുമാനത്തിന് പ്രാധാന്യം ഏറുകയാണ്.