kpsc

തിരുവനന്തപുരം: റാങ്ക് ലിസ്റ്റിൽ ഇടംനേടിയിട്ടും ജോലി ലഭിക്കാത്തതിൽ മനംനൊന്ത് അനു എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദീകരണവുമായി പി.എസ്.സി. അനുവിന്റെ ആത്മഹത്യ ഖേദകരമാണ്. അനു ഉള്‍പ്പെട്ട പിഎസ്‍സി ലിസ്റ്റ് റദ്ദ് ചെയ്തിട്ടില്ല. 50 പേർക്ക് നിയമനം നൽകിയിരുന്നു. 75 പേർക്ക് നിയമന ശുപാർശ നൽകിയിരുന്നു. 76ാം റാങ്കുകാരൻ ആയതിനാൽ അനു അതിൽ ഉൾപ്പെട്ടില്ലെന്നാണ് പി.എസ്.സി വിശദീകരിച്ചിട്ടുള്ളത്.പി.എസ്.സിക്കെതിരെ വിമർശനം ഉന്നയിച്ച ഉദ്യോഗാർഥികളെ വിലക്കാനും ശിക്ഷാനടപടികൾ സ്വീകരിക്കാനുമുള്ള നീക്കത്തിൽനിന്നും പി.എസ്.സി പിൻമാറി. സംസ്ഥാനമൊട്ടാകെ പ്രതിപക്ഷ പാർട്ടികളും ഉദ്യോഗാർഥികളും കടുത്ത വിമർശനം ഉയർത്തിയ പശ്ചാത്തലത്തിലാണ് നിലപാട് തിരുത്താൻ പി.എസ്.സി തയ്യാറായത്.

കാസർകോട്ട് ജില്ലയിലെ സ്റ്റാഫ് നഴ്‌സ്, ആയുർവേദ കോളേജിലെ ഫിസിയോ തെറാപ്പിസ്റ്റ്, ആരോഗ്യ വകുപ്പിലെ ജനറൽ ഫിസിയോതെറാപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിലെ ഉദ്യോഗാർഥികൾക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇവർ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും പി.എസ്.സിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചുവെന്ന് കാരണം ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം.ഇത് സംബന്ധിച്ച ഉത്തരവും പി.എസ്.സി പുറത്തിറക്കിയിരുന്നു.

എന്നാൽ ഇത് വിവാദമാവുകയും കടുത്ത വിമർശനം ഉയരുകയും ചെയ്തിരുന്നു. ഇതോടെയാണ് പി.എസ്.സി നിലപാട് തിരുത്തിയിട്ടുള്ളത്. ഇവർക്കെതിരെ നേരിട്ട് ശിക്ഷാ നടപടിയെടുക്കാൻ തീരുമാനിച്ചിട്ടില്ലെന്നാണ് പി.എസ്.സി വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ അവർ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തും. വിജിലൻസിന് മുന്നിൽ ഉദ്യോഗാർഥികൾക്ക് അവരുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകും. അതിനുശേഷം മാത്രമേ മറ്റുനടപടികളിലേക്ക് കടക്കൂവെന്നാണ് പി.എസ്.സി വ്യക്തമാക്കുന്നത്.