തിരുവനന്തപുരം: ഓൺലൈൻ പഠനാവശ്യത്തിന് വിദ്യാർത്ഥിനിക്ക് മൊബൈൽ ഫോൺ സമ്മാനമായി നൽകി മുൻ സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷനും മുൻ മിസോറാം ഗവർണറുമായി കുമ്മനം രാജശേഖരൻ. മൊബൈൽ ഫോൺ ലഭിക്കാത്തത് കാരണം ഓൺലൈൻ പഠനം വഴിമുട്ടിയിരുന്ന തിരുവനന്തപുരം അന്തിയൂർക്കോണം സ്വദേശികളായ ജയൻ, ശ്രീകുമാരി എന്നിവരുടെ മകൾക്കാണ് ബി.ജെ.പി നേതാവ് ഈ ഓണ സമ്മാനം നൽകിയത്.
ആറാം ക്ലാസുകാരി അനഘ ജയനുവേണ്ടി അന്തിയൂർക്കോണത്തു തന്നെയുള്ള വിനോദ് എന്ന യുവാവാണ് ഇക്കാര്യം കുമ്മനം രാജശേഖരനെ അറിയിക്കുന്നത്. ഫേസ്ബുക്ക് മെസേജ് വഴിയാണ് വിനോദ് പെൺകുട്ടിയുടെ ആവശ്യം കുമ്മനത്തെ അറിയിച്ചത്. തുടർന്ന്, പെൺകുട്ടിയുടെ വിശദ വിവരങ്ങളും മറ്റും തനിക്ക് നൽകാൻ യുവാവിനോട് കുമ്മനം ആവശ്യപ്പെടുകയും ചെയ്തു.
ശേഷം ഇന്ന് വൈകിട്ട് അനഘയ്ക്കുവേണ്ടി കുമ്മനം രാജശേഖരൻ വിനോദിന്റെ കൈകളിലേക്ക് മൊബൈൽ ഫോൺ എത്തിച്ചുകൊടുക്കുകയും വിനോദ് വഴി മൊബൈൽ ഫോൺ അനഘയുടെ കൈകളിലേക്ക് എത്തുകയും ചെയ്തു. ഹിന്ദു ഐക്യവേദി കാട്ടാക്കട താലൂക്ക് ജനറൽ സെക്രട്ടറി ജഗദീഷ് കുമാറാണ് വിനോദിനൊപ്പം അനഘയുടെ വീട്ടിലെത്തി മൊബൈൽ നൽകിയത്. ഏതായാലും തന്റെ പഠനം മുടങ്ങുമെന്ന് ആശങ്കപ്പെട്ടിരുന്ന അനഘ ഇപ്പോൾ ഏറെ സന്തോഷത്തിലാണ്.