woman

നാഗപട്ടണം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട തന്റെ കാമുകിയെ ഗർഭിണിയാക്കിയ ശേഷം ഒഴിവാക്കാൻ ശ്രമിച്ച പൊലീസുകാരനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. ഇയാളുടെ അമ്മയ്‌ക്കെതിരെയും കേസ് ചാർജ് ചെയ്തിട്ടുണ്ട്. തമിഴ്‌നാട് നാഗപട്ടണത്തെ ഓരടിയമ്പലത്താണ് സംഭവം നടന്നത്. 25 വയസുകാരിയായ യുവതിയെ 2017ലാണ് അന്ന് മലമേട് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന 30കാരൻ വിവേക് രവിരാജ് ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും തമ്മിൽ പ്രണയത്തിലാകുകയും 2019ൽ യുവതി ഗർഭം ധരിക്കുകയും ചെയ്തു.

തങ്ങൾ ഒരേ സമുദായത്തിൽ നിന്നും വരുന്നതിനാൽ പെൺകുട്ടിയെ വിവാഹം കഴിച്ചുകൊള്ളാം എന്നാണ് വിവേക് വാക്ക് നൽകിയിരുന്നത്. ഇയാളുടെ അമ്മയായ 55 വയസുകാരി രാജാത്തിയും ഇവരുടെ ബന്ധത്തെ പിന്തുണച്ചിരുന്നു. എന്നാൽ പെൺകുട്ടി ഗർഭിണിയായതോടെ ഗർഭം അലസിപ്പിച്ചാൽ മാത്രമേ താൻ വിവാഹത്തിന് സമ്മതിക്കുകയുള്ളൂ എന്ന നിലപാട് വിവേക് സ്വീകരിച്ചു. രാജാത്തിയും മകന്റെ കൂടെ ചേർന്നുകൊണ്ട് ഗർഭഛിദ്രം നടത്താനായി യുവതിക്കുമേൽ സമ്മർദ്ദം ചെലുത്തി.

ഒടുവിൽ ഗത്യന്തരമില്ലാതെ യുവതി ഇവരുടെ നിർബന്ധത്തിനു വഴങ്ങുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ വിവേകും അമ്മയും ചേർന്ന് ഒഴിവാക്കാൻ ശ്രമിക്കുകയും നീതിക്കായി ഇവർക്ക് മുൻപിലേക്ക് എത്തിയ പെൺകുട്ടിയെ അമ്മയും മകനും ചേർന്ന് ഉപദ്രവിക്കുകയും ചെയ്തു. വഞ്ചിക്കപ്പെട്ട തനിക്ക് സഹായം നൽകണമെന്ന അപേക്ഷയുമായി പെൺകുട്ടി നിരവധി വാതിലുകളിൽ മുട്ടുകയും ജുഡീഷ്യൽ മജിസ്‌ട്രേറ്റിനെ സമീപിക്കുകയും ചെയ്തു. അവസാനം, പോരാട്ടമാരംഭിച്ച് ഒരു വർഷത്തിന് ശേഷമാണ് പെൺകുട്ടിയെ തേടി നീതിയെത്തുന്നത്.