തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൈശാചികമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവം കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിന്റെയും അറിവോടെയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കൊലപാതകത്തിന്റെ രീതി പരിശോധിക്കുമ്പോൾ ആസൂത്രിതമായ കൊലപാതകമായിട്ടാണ് കാണാൻ കഴിയുന്നത്. ഈ സംഭവം നടന്ന തേമ്പാമൂട് പ്രദേശം കോൺഗ്രസിന്റെ അക്രമികൾ താവളമടിക്കുന്ന, ഗുണ്ടാ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന ക്രിമിനലുകളുടെ കേന്ദ്രമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് അക്രമപരമ്പരകൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന കൊലപാതകമായാണ് ഇതിനെ കാണേണ്ടത്. പ്രദേശത്തെ വിദ്യാർത്ഥികളും യുവാക്കളും അടുത്തകാലത്തായി ഇടതുപക്ഷ രാഷ്ട്രീയത്തോടൊപ്പം ചേർന്നു. അന്നുമുതൽ ആരംഭിച്ചതാണ് ചെറിയ തോതിൽ സംഘർഷം. കഴിഞ്ഞ പെരുന്നാളിന്റെ സമയത്ത് അത് അക്രമത്തിലേക്ക് കടന്നു. ഒരു ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ആക്രമിക്കപ്പെട്ടു. ഇപ്പോൾ ഈ ഓണം തുടങ്ങുന്ന ദിവസം തന്നെ കരുതിക്കൂട്ടി പൈശാചികമായി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് മന്ത്രിയുടെ പ്രതികരണം.
കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതൃത്വം അറിയാതെ ഇത്തരമൊരു സംഭവം നടക്കില്ല. എന്ത് തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഏതെങ്കിലും സംഘർഷം നേരത്തെ നടന്നിട്ടാണോ ഇതെല്ലാം സംഭവിച്ചത്. രണ്ട് കുടുംബം അനാഥമാക്കപ്പെട്ടുവെന്നും കടകംപള്ളി പറഞ്ഞു