woman

ഋഷികേശ്: പാവനമെന്ന് വിശ്വാസികൾ കരുതുന്ന, ഗംഗാനദിക്ക് കുറുകെയുള്ള പാലത്തിനു മുകളിലായി നഗ്നതാ പ്രദർശനം നടത്തിയ യുവതി ഒടുവിൽ മാപ്പ് പറഞ്ഞു. 27കാരിയായ ഫ്രഞ്ച് യുവതി മരീ ഹെലീൻ ആണ് ഉത്തരാഖണ്ഡിലെ ഋഷികേശിലെ ലക്ഷ്‍മൺ ജുലാ പാലത്തിന് മുകളിൽ വച്ച് ഈ 'കടുംകൈ' കാട്ടിയത്. താൻ പാലത്തിനു മുകളിൽ നഗ്നനായി നിൽക്കുന്ന വീഡിയോ മരീ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും തുടർന്ന് ഇവരെ ഇന്റർനെറ്റ് നിയമങ്ങൾ പ്രകാരം ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ താൻ പരിപൂർണ നഗ്നയായല്ല പാലത്തിനു മുകളിൽ നിന്നതെന്നും ലൈംഗികാതിക്രമം നേരിടുന്ന ഇന്ത്യൻ 'സഹോദരിമാർ'ക്ക് പിന്തുണ നൽകിക്കൊണ്ടാണ് താൻ നഗ്നതാ പ്രദർശനം നടത്തിയതെന്നുമാണ് ഇവർ പറയുന്നത്. ഓരോ തവണ പാലം കടക്കുമ്പോഴും താൻ ലൈംഗികാതിക്രമം നേരിടുന്നതായി തോന്നിയെന്നും തന്നെ പോലെയുള്ള പല യാത്രികർക്കുംഇങ്ങനെ തോന്നിക്കാണുമെന്നും ഇവർ പറയുന്നുണ്ട്.

എന്നാൽ ഓൺലൈൻ വഴി മാലകൾ വിൽക്കുന്നതാണ് തന്റെ തൊഴിലെന്നും തന്റെ കച്ചവടത്തിനു പ്രചാരണം നൽകുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ പ്രവർത്തിച്ചതെന്നുമാണ് മരീ മൊഴി നൽകിയതെന്ന് ഉത്തരാഖണ്ഡ് പൊലീസ് പറയുന്നു. വ്യാഴാഴ്ച്ചയാണ് മരീനെ അറസ്റ്റ് ചെയ്തത്. ശേഷം ഇവരെ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. തനിക്ക് പ്രദേശത്തെ സംസ്കാരവുമായി ബന്ധപ്പെട്ട പ്രത്യേകതകളെ കുറിച്ച് അറിയില്ലായിരുന്നു എന്നാണ് തന്റെ പ്രവർത്തിയിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് മരീ വിശദീകരിച്ചത്.