prashant-bhushan

ന്യൂഡൽഹി: കോടതിയലക്ഷ്യത്തിനു അഭിഭാഷകനായ പ്രശാന്ത് ഭൂഷണിന് ഒരു രൂപ പിഴ ചുമത്തി സുപ്രീം കോടതി. പിഴ അടച്ചില്ലെങ്കിൽ ഭൂഷൺ മൂന്ന് മാസത്തെ ജയിൽ വാസം അനുഭവിക്കേണ്ടതായി വരുമെന്നും കോടതി അറിയിച്ചു. കോടതിയലക്ഷ്യം നടത്തിയതിനു സെപ്തംബർ 15നുള്ളിൽ പിഴ നൽകാൻ തയ്യാറായില്ലെങ്കിൽ മൂന്ന് മാസം തടവ് ശിക്ഷ അനുഭവിക്കേണ്ടതായി വരുമെന്നും മൂന്നു വർഷത്തേക്ക് അഭിഭാഷക വൃത്തിയിൽ നിന്നും അദ്ദേഹത്തെ വിലക്കുമെന്നുംകോടതി വ്യക്തമാക്കി.

ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്. വിഷയത്തിൽ കുറ്റാരോപിതനായ പ്രശാന്ത് ഭൂഷൺ എന്ത് നിലപാട് സ്വീകരിക്കും നിർണായകമാണ്. ഒരാളുടെ അഭിപ്രായ സ്വന്തന്ത്ര്യത്തെ തടയാനാകില്ലെന്നും എന്നാൽ മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കേണ്ടതുണ്ടെന്നും വിധി പറയുന്നതിനിടെ സുപ്രീം കോടതി പറഞ്ഞു.

പ്രശാന്ത് ഭൂഷണിന് ചെയ്ത തെറ്റിൽ പശ്ചാത്തപിക്കുന്നതിനായി മുൻപ് നിരവധി അവസരങ്ങൾ നൽകിയിരുന്നതായും കോടതി വ്യക്തമാക്കി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയെ ട്വിറ്റർ വഴി വിമർശിച്ചതിനാണ് അദ്ദേഹത്തിന് മേൽ കോടതിയലക്ഷ്യം വന്നത്. നടത്തിയ പ്രസ്താവനയ്ക്ക് താൻ മാപ്പ് പറയാൻ തയ്യാറല്ലെന്ന് നേരത്തെ തന്നെ പ്രശാന്ത് ഭൂഷൺ വ്യക്തമാക്കിയിരുന്നു.