mallya

ന്യൂഡൽഹി: തനിക്കെതിരെയുള്ള കോടതിയലക്ഷ്യ കേസ് പുനഃപരിശോധിക്കണമെന്ന വിജയ് മല്ല്യയുടെ ഹർജി തള്ളി സുപ്രീം കോടതി. സുപ്രീം കോടതി വിധി മറികടന്നുകൊണ്ട് തന്റെ മക്കൾക്ക് 40 മില്ല്യൺ അമേരിക്കൻ ഡോളർ കൈമാറിയതിനാണ് മല്ല്യയുടെ മേൽ കോടതിയലക്ഷ്യം വന്നത്. യു.യു ലളിത്, അശോക് ഭൂഷൺ എന്നിവർ അടങ്ങുന്ന ബഞ്ചാണ് ഹർജി തള്ളിയത്.

കേസ് പുനഃപരിശോധിക്കുന്നതിനുള്ള യാതൊരു കാരണങ്ങളും കാണാൻ സാധിച്ചില്ലെന്നും അതിനാൽ പുനഃപരിശോധനാ ഹർജി തള്ളുകയാണെന്നുമാണ് സുപ്രീം കോടതി ബഞ്ച് അറിയിച്ചത്. ഓഗസ്റ്റ് 27ന് ഇരുഭാഗങ്ങളുടെയും വാദങ്ങൾ കേട്ട ശേഷം പുനഃപരിശോധനാ ഹർജിയിൽ വിധി പറയുന്നത് കോടതി മാറ്റി വച്ചിരിക്കുകയായിരുന്നു.

ബ്രിട്ടീഷ് കമ്പനിയായ 'ഡയജിയോ' നിന്നും ലഭിച്ച 40 മില്ല്യൺ അമേരിക്കൻ ഡോളർ മല്ല്യ തന്റെ മക്കൾക്ക് കൈമാറ്റം ചെയ്തുവെന്ന് കാണിച്ച് എസ്.ബി.ഐ അടക്കമുള്ള ബാങ്കുകൾ സുപ്രീം കോടതിയെ സമീപിക്കുകയും ഇത് കോടതി നിർദേശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

90,000 കോടി രൂപയുടെ ബാങ്ക് വായ്‌പ്പാ തട്ടിപ്പിൽ കുറ്റാരോപിതനായ വിജയ് മല്ല്യ ഇപ്പോഴുള്ളത് ഇംഗ്ളണ്ടിലാണ്. പ്രവർത്തനം നിർത്തിയ 'കിംഗ്ഫിഷർ എയർലൈൻസി'ന്റെ ഉടമ കൂടിയായിരുന്നു മല്ല്യ.