1. കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴയിട്ട് സുപ്രീ കോടതി. സെപ്തംബര്‍ 15നകം പിഴയടക്കണം. ഇല്ലെങ്കില്‍ മൂന്നുമാസം തടവ് അനുഭവിക്കണം. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് വിധി പ്രസ്താവിച്ചത്.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയെ പരിഹസിച്ച് ട്വിറ്ററില്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിലാണ് കോടതി വിധി പറഞ്ഞത്. മാപ്പു പറഞ്ഞാല്‍ നടപടി അവസാനിപ്പിക്കാം എന്ന ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നിര്‍ദേശം പ്രശാന്ത് ഭൂഷണ്‍ തള്ളിക്കളഞ്ഞിരുന്നു. കോടതി അലക്ഷ്യ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ പ്രശാന്ത് ഭൂഷണ്‍ വിസമ്മതിച്ചിരുന്നു. വിരമിക്കാന്‍ രണ്ട് ദിവസം ശേഷിക്കെയാണ് നിര്‍ണായക കേസുകളില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് വിധി പുറപ്പെടുവിച്ചിരുന്നത്.
2. തിരുവനന്തപുരം വെഞ്ഞാറമ്മൂടിലെ ഡി.വൈ.എഫ.്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേര്‍ കസ്റ്റഡിയില്‍. മുഖ്യപ്രതിയുടെ സുഹൃത്ത് ഷജിത്തും ബൈക്ക് ഉടമയുമടക്കം ആറ് പേരാണ് കസ്റ്റഡിയിലായത്. ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകന്‍ ആണ് കസ്റ്റഡിയിലായ ഷജിത്ത്. വാട്സ്ആപ്പ് ഗ്രൂപ്പില്‍ കൊലപാതകത്തിന് ശേഷം കറുത്ത കൊടിയുടെ ചിഹ്നം ഇട്ടത് ഷജിത്ത് ആയിരുന്നു. അക്രമി സംഘത്തില്‍ ഉണ്ടായിരുന്നത് ആറ് പേര്‍ ആയിരുന്നു എന്ന് ആണ് വിവരം. ഇവരുടെ പിടികൂടാനുള്ള ഊര്‍ജിത ശ്രമം നടക്കുന്നുണ്ട്. ബൈക്കിലെത്തി കൊല നടത്തിയ ശേഷം ഇവര്‍ ബൈക്ക് ഉപേക്ഷിച്ച് കാറില്‍ രക്ഷപ്പെടുക ആയിരുന്നു. പ്രതികള്‍ ഉപയോഗിച്ച മൂന്ന് ബൈക്കുകളും ആയുധങ്ങളും പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
3. ഇന്നലെ രാത്രിയാണ് വെഞ്ഞാറമ്മൂട്ടില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് , മിഥിലാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി. കൊലപാതകത്തിന് നേതൃത്വം നല്‍കിയവരെ പിടികൂടുന്നതിന് സമഗ്രമായ അന്വേഷണം നടത്തും. ഇക്കാര്യത്തില്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊലപാതകത്തിന് കാരണമായ വിഷയങ്ങളേയും പിന്നില്‍ പ്രവര്‍ത്തിച്ചവരേയും കണ്ടെത്തും എന്നും മുഖ്യമന്ത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. രാഷ്ട്രീയ കാര്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് തിരുവനന്തപുരം റൂറല്‍ എസ് പി വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. എന്നാലിക്കാര്യം നിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കോണ്‍ഗ്രസിന് പങ്കില്ലെന്നും വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും ചെന്നിത്തല പ്രതികരിച്ചു.
4. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് പ്രദേശികമായി ഉണ്ടായ കോണ്‍ഗ്രസ് - സി.പി.എം തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. തെരഞ്ഞെടുപ്പിന് ശേഷം പിന്നീട് നിരവധി തവണ ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. കഴിഞ്ഞ ദിവസം ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചു. കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയിരുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സജീവ് എന്നയാളുടെ നേതൃത്വത്തിലാണ് കൊലപാതകം നടന്നതെന്ന് ദൃക്സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
5.ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ ഇന്ന് തിരുവോണം. കൊറോണ വൈറസ് എന്ന മഹാമാരിയുടെ പിടിയില്‍ നിന്നും അതിജീവനത്തിന്റെ പ്രതീക്ഷയോടെ ആണ് മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നത്. ഒരുപക്ഷേ, നൂറ്റാണ്ടില്‍ ഇതാദ്യമായാകാം നാം ഇതു പോലൊരു തിരുവോണത്തെ വരവേല്‍ക്കുന്നത്. ബന്ധുവീടുകള്‍ സന്ദര്‍ശിക്കാതെ സുഹൃത്തുക്കളെ കാണാതെയുള്ള ഒരു ഓണാഘോഷം. ഈ വര്‍ഷത്തെ ഓണം മലയാളിയ്ക്ക് അല്‍പം വ്യത്യസ്തം തന്നെയാണ്. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൊറോണ മാനദണ്ഡങ്ങള്‍ അനുസരിച്ചുമായിരിക്കും മലയാളികളുടെ ഇത്തവണത്തെ ഓണാഘോഷങ്ങള്‍. ഒരുമയുടേയും അതി ജീവനത്തിന്റേയും മാനവികതയുടേയും ഓണം കൂടിയാണിത്. അതി ജീവനത്തിന്റെ പ്രത്യാശയില്‍ കൊറോണ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഓണം ആഘോഷിക്കാം. ലോകം എമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും കൗമുദി ടി.വിയുടെ ഓണാശംസകള്‍
6. തിരുവോണ ദിനത്തില്‍ മലയാളത്തില്‍ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി, സൗഹാര്‍ദ്ദത്തിന്റെയും ഐക്യത്തിന്റെയും ആഘോഷ ആണ് ഓണമെന്നും കുറിച്ചു. കഠിനാ അധ്വാനികളായ നമ്മുടെ കര്‍ഷകരോട് നന്ദി പ്രകടപ്പിക്കാനുള്ള അവസരം കൂടിയാണ് ഈ ഉത്സവമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഓണത്തെ കുറിച്ച് വിശദീകരിക്കുന്ന മന്‍ കി ബാത്തിന്റെ ശബ്ദത്തോട് ഒപ്പമുള്ള ഒരു വീഡിയോയും മോദി പങ്കുവച്ചിട്ടുണ്ട്. ഓണം ലോകത്തിന്റെ ആഘോഷമായി മാറിക്കഴിഞ്ഞതായി അദ്ദേഹം വീഡിയോയില്‍ പറയുന്നു. എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു. ഓണം സൗഹാര്‍ദത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാണ്. കഠിനാധ്വാനികളായ നമ്മുടെ കര്‍ഷകരോട് നന്ദി പ്രകടിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണ് ഈ ഉത്സവം. ഈ ഓണക്കാലത്ത് എല്ലാവര്‍ക്കും ആയുര്‍ ആരോഗ്യ സൗഖ്യവും സന്തോഷവും നേരുന്നു എന്നും മോദി ട്വീറ്റ് ചെയ്തു.
7. കഴിക്കന്‍ ലഡാക്കില്‍ പ്രകോപനപരമായ നീക്കങ്ങളുമായി വീണ്ടും ചൈനീസ് സൈന്യം. പാംഗോംഗ് തടാക തീരത്തിന്റെ തെക്കന്‍ തീരത്ത് ചൈനീസ് സൈന്യം നിയന്ത്രണരേഖ ലംഘിക്കാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച രാത്രിയിലാണ് സംഭവം. ചൈനീസ് മുന്നേറ്റത്തെ ഇന്ത്യന്‍ സൈന്യം ശക്തമായി നേരിട്ട് അവരെ തുരത്തിയതായും കരസേന അറിയിച്ചു. മേഖലയില്‍ പ്രശ്നം പരിഹരിക്കാന്‍ ബ്രിഗേഡ് കമാന്‍ഡ് തലത്തില്‍ ഫ്ളാഗ് മീറ്റിംഗ് നടക്കുന്നതായും വിവരം ഉണ്ട്.
8.കൊവിഡ് കാലത്ത് ബാങ്ക് വായ്പകള്‍ക്ക് നല്‍കിയിരുന്ന മൊറട്ടോറിയം ഇന്ന് അവസാനിക്കും. നാളെ മുതല്‍ എല്ലാ വായ്പകളും തിരിച്ചടച്ചു തുടങ്ങണം. മൊറട്ടോറിയം അവസാനിക്കുന്നതോടെ ആനുകൂല്യം സ്വീകരിച്ചവര്‍ക്ക് അധികമായി ആറ് ഗഡുക്കളും അതിന്റെ പലിശയും അടയ്‌ക്കേണ്ടി വരും. മാര്‍ച്ച് ഒന്ന് മുതല്‍ ഓഗസ്റ്റ് വരെ രണ്ട് ഘട്ടമായാണ് മൊറട്ടോറിയം നടപ്പാക്കിയത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ സെപ്തംബര്‍ മൂന്നിന് ബാങ്ക് മേധാവികളെ കാണുന്നുണ്ട്. നിലവിലുള്ള വായ്പകള്‍ പുനക്രമീകരിച്ച് നല്‍കുന്ന കാര്യത്തില്‍ ചര്‍ച്ച നടക്കും. മൊറട്ടോറിയം നീട്ടി നല്‍കേണ്ടതില്ല എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാരും ആര്‍.ബി.ഐയും. ആനുകൂല്യം നീട്ടാനായി കേരളമടക്കം നല്‍കിയ കത്തുകളോട് കേന്ദ്രം പ്രതികരിച്ചിട്ടില്ല
9. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം കടന്നു. 36,21,245 പേര്‍ക്കാണ് രാജ്യത്ത് ഇത് വരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 78,512 പേര്‍ക്ക് കൂടി പുതുയതായി രോഗം സ്ഥിരീകരിച്ചു. 971 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 64,469 ആയി. നിലവില്‍ 7,81,975 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 27,74,801 പേര്‍ ഇത് വരെ രോഗമുക്തി നേടി. നിലവില്‍ 76.63 ശതമാനമാണ് രാജ്യത്ത് രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയിലാണ് രാജ്യത്ത് എറ്റവും കൂടുതല്‍ കൊവിഡ് രോഗികളും കൊവിഡ് മരണവും. 24 മണിക്കൂറിനിടെ 16,408 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇത് വരെ 7,80,689 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 296 മരണം കൂടി സ്ഥിരീകരിച്ചു. 24,399 പേര്‍ ഇത് വരെ മരിച്ചതായാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക കണക്ക്.
10. രാജ്യത്ത് കൊവിഡ് രൂക്ഷമായ സംസ്ഥാനങ്ങളില്‍ ആന്ധ്രാപ്രദേശ് രണ്ടാമത് എത്തി. 4,24,767 പേര്‍ക്കാണ് ആന്ധ്രയില്‍ രോഗബാധ. തുടര്‍ച്ചയായ അഞ്ചാം ദിവസവും പതിനായിരത്തിന് മുകളിലാണ് രോഗികള്‍. തമിഴ്നാട്ടില്‍ കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ ഒരു മാസം കൂടി നീട്ടുവാന്‍ തീരുമാനമായി. പൊതുഗതാഗതം വീണ്ടും തുടങ്ങാനും അന്തര്‍ ജില്ലാ യാത്രയ്ക്കുള്ള പാസുകള്‍ എടുത്തുകളയാനും തീരുമാനം. അതേസമയം, സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവര്‍ക്ക് ഇ പാസും ക്വാറന്റീനും തുടരും. ആരാധനാലയങ്ങള്‍ നാളെ മുതല്‍ തുറക്കും. മുഴുവന്‍ ജീവനക്കാരെയും വച്ച് പ്രവര്‍ത്തിക്കാന്‍ ഓഫീസുകള്‍ക്കും അനുമതി. 6,495 പേര്‍ക്കാണ് തമിഴ്നാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്.