തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടകൊലപാതകത്തിൽ ഐ എൻ ടി യു സി പ്രവർത്തകരെ കേന്ദ്രീകരിച്ച് അന്വേഷണം. ഐ.എൻ.ടി.യു.സി പ്രാദേശിക നേതാവ് ഉണ്ണി, സഹോദരൻ സനൽ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഉണ്ണി നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുണ്ട്. കൊലപാതക ആസൂത്രണത്തിലും പ്രതികളെ രക്ഷപ്പെടുത്തിയതിലും ഇവർക്ക് പങ്കുണ്ടെന്നാണ് സൂചന.
ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് തിരുവനന്തപുരം റൂറൽ എസ്.പി വ്യക്തമാക്കി. അതേസമയം സംഭവം രാഷ്ട്രീയ വൈരാഗ്യമല്ലെന്നാണ് സ്ഥലം എസ്.ഐയുടെ പ്രതികരണം.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് പ്രദേശികമായുണ്ടായ കോൺഗ്രസ്-സി.പി.എം തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. തിരഞ്ഞെടുപ്പിന് ശേഷം പിന്നീട് നിരവധി തവണ ഇരുപാർട്ടികളുടെയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. കഴിഞ്ഞദിവസം ഒരു ഡി വൈ എഫ് ഐ പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതികളും ഇന്നലത്തെ കൊലപാതകത്തിലുൾപ്പെട്ടതായാണ് പൊലീസ് പറയുന്നത്.
പ്രാദേശിക കോൺഗ്രസ് നേതാവായ സജീവ് എന്നയാളുടെ നേതൃത്വത്തിലാണ് കൊലപാതകം നടന്നതെന്ന് ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സജീവ് അടക്കം ആറ് പേർ പൊലീസ് കസ്റ്റഡിയിലാണ്.