പൃഥ്വിരാജ് നായകനായി എത്തിയ ഹൊറർ ത്രില്ലർ ചിത്രം 'എസ്ര'യ്ക്ക് ശേഷം സംവിധായകൻ ജയ് ആർ. കൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പോസ്റ്റർ പുറത്ത്. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ ജീവിതഗന്ധമുള്ള ഹാസ്യത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.
തിരുവനന്തപുരം സ്വദേശികളെയാണ് ഇരുവരും ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു മൃഗശാലയെയും അവിടെയുള്ള മൃഗങ്ങളുടെയും അതുമായി ഇഴുകി ജീവിക്കുന്ന മനുഷ്യരുടെയും കഥയാണ് സിനിമ പറയുന്നത്. 'ഗ്ർർർ' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.
മൃഗങ്ങളും കഥയുടെ ഭാഗമായതുകൊണ്ടുതന്നെ അന്താരാഷ്ട്ര നിലവാരമുള്ള വി.എഫ്.എക്‌സും അനിമട്രോണിക്സ് സാങ്കേതിക വിദ്യയും ചിത്രീകരണത്തിനായി ഉപയോഗപ്പെടുത്തും.
അടുത്ത രണ്ട് മാസത്തിനുള്ളിൽ ചിത്രീകരണമാരംഭിക്കുമെന്നാണ് സംവിധായകൻ പ്രതീക്ഷിക്കുന്നത്.ഏപ്രിലിൽ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനായിരുന്നുപദ്ധതിയെങ്കിലും കൊവിഡ് സാഹചര്യം മൂലമുള്ള ലോക്ക്ഡൗൺ മൂലം ചിത്രീകരണം മാറ്റിവയ്ക്കുകയായിരുന്നു. ഓഗസ്റ്റ് സിനിമാസ് ആണ് ചിത്രം നിർമിക്കുന്നത്.