prashant-bhushan

ന്യൂഡൽഹി: കോടതിയലക്ഷ്യ കുറ്റത്തിന് ഒരു രൂപ പിഴ നിശ്ചയിച്ച സുപ്രീം കോടതി വിധി താൻ നന്ദിയോടെ അംഗീകരിക്കുന്നതായി മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ഒരു രൂപ നാണയം താൻ ഉയർത്തിക്കാട്ടുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ട്വിറ്റർ വഴിയാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്. കോടതിയലക്ഷ്യ കേസിൽ ഇന്ന് സുപ്രീം കോടതി വിധി വന്നയുടനെ തന്നെ തന്റെ അഭിഭാഷകനും മുതിർന്ന സഹപ്രവർത്തകനുമായ രാജീവ് ധവാൻ ഒരു രൂപ നൽകിയതായും ഭൂഷൺ തന്റെ ട്വീറ്റിൽ പറയുന്നു.

My lawyer & senior colleague Rajiv Dhavan contributed 1 Re immediately after the contempt judgement today which I gratefully accepted pic.twitter.com/vVXmzPe4ss

— Prashant Bhushan (@pbhushan1) August 31, 2020

കോടതിയലക്ഷ്യം നടത്തിയതിന് പ്രശാന്ത് ഭൂഷണിന് സുപ്രീം കോടതി ഒരു രൂപ പിഴ ചുമത്തിയിരുന്നു. പിഴ അടച്ചില്ലെങ്കിൽ ഭൂഷൺ മൂന്ന് മാസത്തെ ജയിൽ വാസം അനുഭവിക്കേണ്ടതായി വരുമെന്നാണ് കോടതി വിധി പറഞ്ഞത്. കോടതിയലക്ഷ്യം നടത്തിയതിനു സെപ്തംബർ 15നുള്ളിൽ പിഴ നൽകാൻ തയ്യാറായില്ലെങ്കിൽ മൂന്ന് മാസം തടവ് ശിക്ഷ അനുഭവിക്കേണ്ടതായി വരുമെന്നും മൂന്നു വർഷത്തേക്ക് അഭിഭാഷക വൃത്തിയിൽ നിന്നും അദ്ദേഹത്തെ വിലക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്. വിഷയത്തിൽ കുറ്റാരോപിതനായ പ്രശാന്ത് ഭൂഷൺ എന്ത് നിലപാട് സ്വീകരിക്കും നിർണായകമാണ്. ഒരാളുടെ അഭിപ്രായ സ്വന്തന്ത്ര്യത്തെ തടയാനാകില്ലെന്നും എന്നാൽ മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കേണ്ടതുണ്ടെന്നും വിധി പറയുന്നതിനിടെ സുപ്രീം കോടതി പറഞ്ഞു.

പ്രശാന്ത് ഭൂഷണിന് ചെയ്ത തെറ്റിൽ പശ്ചാത്തപിക്കുന്നതിനായി മുൻപ് നിരവധി അവസരങ്ങൾ നൽകിയിരുന്നതായും കോടതി വ്യക്തമാക്കി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയെ ട്വിറ്റർ വഴി വിമർശിച്ചതിനാണ് അദ്ദേഹത്തിന് മേൽ ഓഗസ്റ്റ് 14ന് കോടതിയലക്ഷ്യം വന്നത്.