കൊച്ചി: തിരുവോണ ദിവസം ഉച്ചയ്‌ക്ക് വിഭവ സമൃദ്ധമായ സദ്യ കഴിക്കാമെന്ന് കരുതിയ കൊച്ചി നഗരവാസികൾ വെയിലേറ്റ് വാടി. പായസം കൂട്ടി സദ്യ കഴിക്കാൻ എത്തിയവർ നഗരത്തിൽ ഒരു ഗ്ലാസ് വെള്ളം പോലും കിട്ടാതെയാണ് കുടുങ്ങിയത്. ഓൺലൈൻ സദ്യയ്‌ക്കായി കൊച്ചിയിലെ ഒരു പ്രമുഖ കാറ്ററിംഗ് സ്ഥാപനത്തെ ആശ്രയിച്ചവർക്കാണ് അക്കിടി പറ്റിയത്.
കൊച്ചിയിലെ ഒരു പ്രമുഖ ഷോപ്പിംഗ് മാളിൽ സ്ഥിതി ചെയ്യുന്ന പഴയിടം കാറ്ററിംഗ്സ് കാട്ടിയ അലംഭാവമാണ് ആളുകളെ വട്ടംചുറ്റിച്ചത്. വാട്‌സാപ്പ്, ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെയുള്ള പരസ്യം കണ്ട് നാവിൽ കപ്പലോടിയ മുന്നൂറോളം പേരാണ് പഴയിടം കാറ്ററിംഗ്സിന്റെ സദ്യ രജിസ്‌റ്റർ ചെയ്തത്. ഒരു സദ്യയ്‌ക്ക് 299 രൂപയായിരുന്നു വില.
300 പേരാണ് സദ്യയ്‌ക്കായി ഓർഡർ ചെയ്‌തത്. 11 മണിയോടെ സദ്യ ലഭിക്കുമെന്നാണ് കാറ്ററിംഗ് സ്ഥാപനത്തിലെ അധികൃതർ ബുക്ക് ചെയ്‌തവരോട് പറഞ്ഞിരുന്നത്. ഇതനുസരിച്ച് കൃത്യം പതിനൊന്ന് മണിയോടെ മുന്നൂറോളം പേർ കാറ്ററിംഗ് സ്ഥാപനത്തിന്റെ പരിസരത്ത് എത്തി. എന്നാൽ ആകെ എഴുപത് പേർക്ക് മാത്രമാണ് സദ്യ നൽകിയത്.
ബാക്കിയുള്ളവർ സദ്യയ്‌ക്കായി നീണ്ട കാത്തിരിപ്പിലായിരുന്നു. ഉച്ചയ്‌ക്ക് രണ്ടര കഴിഞ്ഞിട്ടും സദ്യ എത്താതായതോടെ കാത്തിരുന്നവർ പ്രതിഷേധിക്കാൻ തുടങ്ങി. പ്രതിഷേധം കനത്തതോടെ പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ സമാധാനിപ്പിച്ചു. മൂന്ന് മണിയോടെയാണ് സദ്യ ബാക്കിയുള്ള ഇരുന്നൂറോളം പേർക്ക് ലഭിച്ചത്. ഏലൂർ ഉള്ള തങ്ങളുടെ പാചകപ്പുര കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടത് കൊണ്ടാണ് ആഹാരം എത്തിക്കാൻ വൈകിയത് എന്നാണ് പഴയിടം കാറ്ററിംഗ്സിന്റെ വിശദീകരണം.