ummakutty

തിരുവനന്തപുരം: കൊവിഡ് കാലത്ത് തുടങ്ങിയ യൂ ട്യൂബ് ചാനൽ വഴി സ്വന്തമായി വരുമാനം കണ്ടെത്തിയിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി. അഞ്ചാം ക്ലാസിലെ പാഠങ്ങൾ പഠിപ്പിച്ച് ശ്രദ്ധ നേടിയ ഉമകുട്ടിയാണ് ആ വരുമാനം കൊണ്ട് ഓൺലൈൻ ക്ലാസിന് വേണ്ട ലാപ് ടോപ്പും വാങ്ങിയത്. മാർച്ചിൽ പരീക്ഷയ്‌ക്കിടയ്ക്കാണ് കൊവിഡ് കാരണം സ്‌കൂൾ അടച്ചുവെന്ന് ഉമക്കുട്ടി അറിയുന്നത്. ഇതോടെ ലോക്ക്‌ഡൗണിലായ ഉമക്കുട്ടിയോട് അമ്മയാണ് സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങുന്ന കാര്യത്തെ കുറിച്ച് പറയുന്നത്. അങ്ങനെ സ്‌കൂൾ അടച്ചതിന്റെ പിറ്റേ ദിവസം തന്നെ ചാനൽ തുടങ്ങി.

ആദ്യം കഥ പറഞ്ഞുതുടങ്ങിയ ഉമക്കുട്ടി പിന്നീട് തന്റെ അഞ്ചാം ക്ലാസ് പാഠപുസ്‌തങ്ങളുമായാണ് കുട്ടികളുടെ മുന്നിലേക്ക് എത്തിയത്. വിക്‌ടേഴ്‌സ് കൂടി ഓൺലൈൻ ക്ലാസ് തുടങ്ങിയതോടെ സംഭവം വൈറലായി. അമ്മയുടെ സഹായമാണ് ഉമക്കുട്ടിക്ക് കരുത്തായത്. ലാപ്ടോപ്പ് കൂടി എത്തുന്നതോടെ ഉമക്കുട്ടിയുടെ ഓൺലൈൻ ക്ലാസുകളും കഥപറച്ചിലുമെല്ലാം ഇനി കൂടുതൽ സജീവമാകും.