flight

ജറുസലേം: ഇസ്രായേലി, അമേരിക്കൻ പ്രതിനിധി സംഘങ്ങളെ വഹിച്ചുകൊണ്ട് യു.എ.ഇ ലക്ഷ്യമാക്കി പറന്നുയർന്ന് ഇസ്രയേലിന്റെ പതാകവാഹകരായ 'എൽ അൽ' എയർലൈൻസ്. ഇതാദ്യമായാണ് ഇസ്രായേലിൽ നിന്നും നേരിട്ടൊരു വിമാനം യു.എ.ഇയിലേക്ക് യാത്ര തിരിക്കുന്നത്. ഉയർന്ന പദവികൾ വഹിക്കുന്ന ഉദ്യോഗസ്ഥരെയും കൊണ്ട് എൽ അലിന്റെ 'എൽ.വൈ 971' വിമാനമാണ് ഇസ്രായേലിലെ ബെൻ ഗ്യൂറിയൻ വിമാനത്താവളത്തിൽ നിന്നും ഇന്ന് രാവിലെ കൃത്യം 11.21ന് പറന്നുപൊങ്ങിയത്. 'സമാധാന വിമാനം' എന്നാണ് ഈ വിമാനം വിശേഷിക്കപ്പെടുന്നത്.

വിമാനത്തിൽ ജൂത മതചിഹ്നമായ 'ദാവീദിന്റെ നക്ഷത്ര'വും ആലേഖനം ചെയ്തിട്ടുണ്ട്.സൗദി വ്യോമമേഖല വഴി കടന്നുപോകുന്ന വിമാനം ഇന്ന് വൈകിട്ടോടെയാണ് യു.എ.ഇയിലേക്ക് എത്തുക. ഇസ്രയേലും യു.എ.ഇയും തമ്മിലെ നയതന്ത്ര ബന്ധങ്ങൾ സാധാരണ നിലയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പ്രതിനിധിസംഘം അറബ് രാജ്യത്തേക്ക് എത്തുന്നത്. ഇതോടെ ഈജിപ്തിനും ജോർദാനും ശേഷം ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെ അറബ് രാഷ്ട്രമായി യു.എ.ഇ മാറും.

ഇരുരാജ്യങ്ങളുമായും മികച്ച ബന്ധം സൂക്ഷിക്കുന്ന ഇന്ത്യയ്ക്കും ഈ മാറ്റം ഗുണപരമായി മാറും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുതിർന്ന ഉപദേഷ്ടാവും അദ്ദേഹത്തിന്റെ മരുമകനുമായ ജാരഡ് കുഷ്‌നർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രയൻ, മദ്ധ്യേഷ്യൻ സ്ഥാനപതി ആവി ബെർകോവിറ്റ്സ്, ഇറാൻ സ്ഥാനപതി ബ്രയാൻ ഹുക്ക് എന്നിവർ പ്രതിനിധി സംഘത്തിൽപ്പെടുന്നു. ഇസ്രയേലിന്റെ ഭാഗത്തുനിന്നും രാജ്യത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മായ്‌ർ ബെൻ ഷാബാത്, വിവിധ മന്ത്രാലയങ്ങളിലെ ഡയറക്ടർ ജനറൽമാരും വിമാനത്തിലുണ്ടാകും.