ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള രാജ്യാന്തര യാത്രാ വിമാനങ്ങളുടെ നിരോധനം സെപ്തംബര്‍ 30 വരെ തുടരും. കൊവിഡ് പ്രതിസന്ധി മൂലമാണ് നിരോധനം നീട്ടിയത്. അതേസമയം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതിയോടെ സര്‍വീസ് നടത്തുന്ന ഷെഡ്യൂള്‍ഡ് ഫ്ലൈറ്റുകള്‍, കാര്‍ഗോ ഫ്ലൈറ്റുകള്‍ എന്നിവയ്ക്ക് നിരോധനം ഉണ്ടാവില്ല.
തിങ്കളാഴ്ചയാണ് ഡി.ജി.സി.എ ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ലോകമെമ്പാടും ഉള്ള കൊവിഡ് പ്രതിസന്ധി വിലയിരുത്തി മാത്രമേ ഫ്ലൈറ്റുകള്‍ക്കുള്ള നിരോധനം സമ്പൂര്‍ണമായി നീക്കാന്‍ ആകൂ എന്ന് ഡി.ജി.സി.എ മേധാവി അനില്‍ കുമാര്‍ വ്യക്തമാക്കി. വാക്‌സിന്‍ കണ്ടെത്താന്‍ ആയിട്ടില്ല എന്നതിനാലും കൊവിഡ് രോഗ വ്യാപനം തുടരുന്നതിനാലും കൂടുതല്‍ രാജ്യങ്ങള്‍ ക്വാറന്റൈനിൽ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെ ശക്തമാക്കിയിരിക്കുകയാണ്.
കൊവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ച രാജ്യങ്ങളില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ആണ് രാജ്യാന്തര ഫ്ലൈറ്റുകള്‍ക്ക് ഇപ്പോഴും അനുമതി നല്‍കാത്തത്.അതേസമയം, കൊവിഡ് വ്യാപനം മൂലം ലോകമെങ്ങും ഏവിയേഷന്‍ മേഖലയ്ക്കുണ്ടായ കനത്ത നഷ്ടം തുടരുകയാണ്. പ്രതിസന്ധി മൂലം രാജ്യത്തും വിദേശ രാജ്യങ്ങളിലും എല്ലാം സ്വകാര്യ എയര്‍ലൈനുകള്‍ ഉള്‍പ്പെടെ കടുത്ത പ്രതിസന്ധി നേരിടുകയാണ്.
ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അസോസിയേഷന്‍ 3,000 കോടി ഡോളര്‍ നഷ്ടമാണ് ഈ വര്‍ഷം മാത്രം ആഗോള ഏവിയേഷന്‍ മേഖലയില്‍ കണക്കാക്കുന്നത്. ആഭ്യന്തര, രാജ്യാന്തര ഫ്ലൈറ്റുകള്‍ റദ്ദു ചെയ്തതു മൂലം കനത്ത നഷ്ടമാണ് മിക്ക എയര്‍ലൈന്‍ കമ്പനികള്‍ക്കുമുള്ളത്. കൊറോണയ്ക്ക് ശേഷം സാമൂഹ്യ അകലം പാലിച്ചു കൊണ്ടുള്ള ഫ്ലൈറ്റുകളുടെ പ്രവര്‍ത്തനവും കമ്പനികള്‍ക്ക് ലാഭകരമല്ല.