അബുദാബി: അബുദാബിയിലെ റസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം. ഇന്ന് രാവിലെ പത്ത് മണിയോടെ റാഷിദ് ബിന്‍ സ ഈദ് സ്ട്രീറ്റിലാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഇവരെ വിവിധ ആശുപത്രികളില്‍ എത്തിച്ചതായും പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമല്ല.
റസ്റ്റോറന്റിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും പൊലീസ് സ്ഥിരീകരണം നടത്തിയിട്ടില്ല. റസ്റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നില പൂര്‍ണമായി തകര്‍ന്നു. പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അതിശക്തമായ സ്ഫോടനമാണ് ഉണ്ടായതെന്നും പ്രദേശത്താകെ പ്രകമ്പനം കൊള്ളുന്നതായിരുന്നു പൊട്ടിത്തെറിയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
പൊട്ടിത്തെറിക്ക് പിന്നാലെ പ്രദേശത്ത് നിന്നും ആളുകളെ പൂര്‍ണമായി ഒഴിവാക്കി. റസ്റ്റോറന്റിന് മുകളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ഇവിടെയ്ക്കുള്ള റോഡുകള്‍ അബുദാബി പോലീസ് അടച്ചു. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. വിശദമായ അന്വേഷണം നടത്തുമെന്നും തകര്‍ന്ന റസ്റ്റോറന്റിനുള്ളില്‍ പരിശോധനകള്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.