ന്യൂഡൽഹി: ഇന്ത്യയുടെ മുൻ രാഷ്‌ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു. ഡൽഹിയിലെ കരസേനാ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മകൻ അഭിജിത് മുഖർജിയാണ് മരണവിവരം സ്ഥിരീകരിച്ചത്. 84 വയസായിരുന്നു.
ശ്വാസകോശത്തിൽ ഉണ്ടായ അണുബാധ മൂലമുള്ള സെപ്റ്റിക് ഷോക്ക് ആണ് മരണകാരണം എന്നാണ് പ്രാഥമിക വിവരം. തലച്ചോറിലുള്ള ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്, ശേഷം പ്രണബ് മുഖർജിക്ക് കൊവിഡ് രോഗം വന്നതായി സ്ഥിരീകരിക്കുകയായിരുന്നു.
2012 മുതൽ 2017 വരെയുള്ള കാലഘട്ടത്തിലാണ് അദ്ദേഹം ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ചിരുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ മുതിർന്ന നേതാവായിരുന്ന അദ്ദേഹം, രാഷ്‌ട്രപതി സ്ഥാനത്തേക്ക് എത്തും മുൻപ്, രണ്ടാം യു.പി.എ കേന്ദ്ര മന്ത്രിസഭയിൽ ധനമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നു.