pranab-mukherjee-

ന്യൂഡൽഹി: ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയും കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിലൊരാളും മികച്ച പാർലമെന്റേറിയനുമായ പ്രണബ് കുമാർ മുഖർജി വിടവാങ്ങുമ്പോൾ ഓർമ്മയാകുന്നത് സംശുദ്ധ രാഷ്ട്രീയത്തിന്റെ മുഖം കൂടിയാണ്.

1935 ഡിസംബർ 11 ന്, അവിഭക്ത ഇന്ത്യയിലെ ബംഗാൾ പ്രസിഡൻസിയിൽ ഭിർഭും ജില്ലയിലെ മിറാഠിയിൽ, സ്വാതന്ത്ര്യ സമര നേതാവായിരുന്ന കാമദാ കിങ്കർ മുഖർജിയുടെയും രാജലക്ഷ്മി മുഖർജിയുടെയും മകനായാണ് ജനനം. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും കൽക്കത്ത സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും നേടി. പിന്നീട് കമ്പിത്തപാൽ വകുപ്പിൽ ഗുമസ്തനായി ചേർന്നു. 1963 ൽ അദ്ദേഹം കൽക്കത്തയിലെ വിദ്യാനഗർ കോളേജിൽ അധ്യാപകനായും സേവനം അനുഷ്ടിച്ചു . ദേശേർ ദേക് എന്ന പ്രാദേശിക പത്രത്തിന്റെ ലേഖകനായും കുറച്ചുകാലം പ്രവർത്തിച്ചു.

1969 ൽ വികെ കൃഷ്ണമേനോന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചുകൊണ്ടായിരുന്നു രാഷ്ട്രീയ രംഗത്തേക്ക് പ്രണബ് മുഖർജിയുടെ കടന്നുവരവ്. അദ്ദേഹത്തിന്റെ പ്രവർത്തനമികവ് കണ്ട് ഇന്ദിരാഗാന്ധി പാർട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു,​ അക്കൊല്ലം ജൂലായിൽ രാജ്യസഭയിലേക്ക് പ്രണബ് നോമിനേറ്റ് ചെയ്യപ്പെട്ടു. പിന്നീട് 1975,1981,1993,1999 എന്നീ വർഷങ്ങളിലും പ്രണബ് രാജ്യസഭയിലെത്തി.

.

കോൺഗ്രസ് വൃത്തങ്ങളിൽ പ്രണബിനെ 'മാൻ ഓഫ് ഓൾ സീസൺസ്' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 1973 ലെ ഇന്ദിരാ ഗവൺമെന്റിൽ പ്രണബ് യൂണിയൻ ഡെപ്യൂട്ടി മിനിസ്റ്റർ ഓഫ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് പദവി വഹിച്ചു. ഇന്ദിരാഗാന്ധിയുടെ സ്വന്തം ആളെന്ന നിലയിൽ അടിയന്തരാവസ്ഥ കാലത്തെ ആരോപണങ്ങൾ പ്രണബിന് നേർക്കും നീണ്ടു. അടിയന്തരാവസ്ഥക്ക് ശേഷം ഇന്ദിരാഗാന്ധി വീണ്ടും പ്രധാനമന്ത്രിയായപ്പോൾ പ്രണബ് ധനമന്ത്രിയായി സ്ഥാനമേറ്റു

മൻമോഹൻ സിംഗിനെ റിസർവ് ബാങ്ക് ഗവർണർ ആയി നിയമിച്ചത് അന്ന് ധനമന്ത്രി ആയിരുന്ന പ്രണബ് മുഖർജിയുടെ ശുപാർശയിലായിരുന്നു എന്നതും ചരിത്രം. എന്നാൽ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ശേഷം പ്രണബിന് പാർട്ടിയിൽ നിന്ന് തന്നെ എതിർപ്പ് നേരിട്ടിരുന്നു. രാജീവ് ഗാന്ധിക്കും അദ്ദേഹം അനഭിമതനായി മാറി. ഇതിനെത്തുടർന്ന് പ്രണബ് മുഖർജി ഡൽഹിയിലെ അധികാര കേന്ദ്രങ്ങളിൽ നിന്നും മാറിനിൽക്കേണ്ടി വന്നു. ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനാക്കി ഒതുക്കാനും ഡൽഹി വൃത്തങ്ങൾ ശ്രമിച്ചു. പിന്നീട് ഇലസ്ട്രേറ്റഡ് വീക്കിലിയിലെ വിവാദ അഭിമുഖത്തിന്റെ പേരിൽ പ്രണബിനെ രാജീവ് ഗാന്ധി കോൺഗ്രസിൽ നിന്ന് പുറത്താക്കി. .

പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടർന്ന് രാഷ്ട്രീയ സമാജ്‌വാദി കോൺഗ്രസ്. എന്ന പാർട്ടിക്ക് അദ്ദേഹം രൂപംകൊടുത്തു. കോൺഗ്രസിലെ അസംതൃപ്തരായ മറ്റ് നേതാക്കളും പ്രണബിനൊപ്പം ചേർന്നു. എന്നാൽ 1987 ലെ ബംഗാൾ തിരഞ്ഞെടുപ്പിൽ അവർക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല. പിന്നീട് രാജീവിനും പ്രണബിനുമിടയിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ പറഞ്ഞുതീർക്കാൻ ഒറീസയിലെ കോൺഗ്രസ് നേതാവായ സന്തോഷ് മോഹൻ ദേവും, ഡൽഹിയിലെ വനിതാ നേതാവായ ഷീല ദീക്ഷിത്തും ഇടപെട്ടു. 1988 ൽ ത്രിപുര തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചു കൊണ്ട് പ്രണബ് കോൺഗ്രസിൽ തിരിച്ചെത്തി എങ്കിലും, രാജീവിന്റെ കാലത്ത് അദ്ദേഹത്തിന് വലിയ പദവികളൊന്നും കൊടുത്തില്ല.

1991ൽ തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെരുംപത്തൂരിൽ ബോംബ് സ്ഫോടനത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശേഷം പ്രധാനമന്ത്രിയായത് പ്രണബിന്റെ പഴയകാല സ്‌നേഹിതൻ കൂടി ആയിരുന്ന പി.വി. നരസിംഹ റാവു ആയിരുന്നു എന്നാൽ നരസിംഹറാവു മന്ത്രിസഭയിൽ അദ്ദേഹത്തിന് ഇടംനേടാൻ കഴിഞ്ഞില്ല. പക്ഷേ നരസിംഹറാവു പ്രണബ് മുഖർജിയെ പ്ലാനിംഗ് കമ്മീഷൻ ഡെപ്യൂട്ടി ചെയർമാൻ ആയി നിയമിച്ചു.. 2004 ൽ ഒന്നാം യു..പിഎ സർക്കാർ വന്നപ്പോൾ പ്രണബിന് കാബിനറ്റിൽ പ്രതിരോധമന്ത്രി പദം നൽകപ്പെട്ടു. ആദ്യം പ്രതിരോധ മന്ത്രിയായും, പിന്നീട് വിദേശകാര്യ മന്ത്രിയായും പ്രണബ് മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു.

2007 ൽ ഇടതുപക്ഷമാണ് ആദ്യമായി പ്രണബിന്റെ പേര് രാഷ്ട്രപതി പദത്തിലേക്ക് നിർദേശിക്കുന്നത്. അന്ന് അത് നടന്നില്ല. എന്നാൽ, 2012 ൽ പതിമൂന്നാമത്തെ രാഷ്ട്രപതിയായി പ്രണബ് മുഖർജി തിരഞ്ഞെടുക്കപ്പെട്ടു. അജ്മൽ കസബ്, യാക്കൂബ് മേമൻ, അഫ്‌സൽ ഗുരു തുടങ്ങി വർഷങ്ങളായി കെട്ടിക്കിടന്ന 24 ദയാഹർജികൾ പ്രണബ് മുഖർജി തന്റെ കാലത്ത് നിരസിച്ചു. അദ്ദേഹത്തിന്റെ കാലത്താണ് 2013 ലെ ക്രിമിനൽ ലോ അമെൻഡ്‌മെന്റ് നടപ്പാവുന്നത്.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ഡെൻ സിയാവോ പെങ്ങിന്റെ കടുത്ത ആരാധകനായിരുന്നു പ്രണബ് മുഖർജി. പ്രണബിന്റെ ഡയറിക്കുറിപ്പുകൾ ആസ്പദമാക്കിയുള്ള ആത്മകഥയുടെ രണ്ടു ഭാഗങ്ങൾ പുറത്തുവന്നിരുന്നു.

തലച്ചോറിലെ ന്ന ശസ്ത്രക്രിയക്ക് മുന്നോടിയായി നടന്ന പരിശോധനയിലാണ് പ്രണബിന് കൊവിഡ് സ്ഥിരീകരിക്കപ്പെടുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം വെന്റിലേറ്ററിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ ആരോഗ്യം പിന്നെയും മോശമാവുകയായിരുന്നു. ധനമന്ത്രിയായ കാലയളവിൽ പ്രണബ് മുഖർജി ഏഴു ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. 2008 ൽ പത്മ വിഭൂഷണും 2019 ൽ ഭാരത് രത്‌നയും നേടി.