ന്യൂഡല്‍ഹി: സ്വാതന്ത്ര്യസമരം സജീവമായിക്കൊണ്ടിരുന്ന 1935 ല്‍ രാഷ്ട്രീയമായി സജീവമായ ഒരു കുടുംബത്തിലാണ് പ്രണബ് മുഖര്‍ജി ജനിച്ചത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞ കെ.കെ മുഖര്‍ജിയാണ് അദ്ദേഹത്തിന്റെ പിതാവ്. സ്വാതന്ത്ര്യാനന്തരം, മുഖര്‍ജി പശ്ചിമ ബംഗാള്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, 1952നും 1965നും ഇടയില്‍ നിയമസഭാ അംഗമായിരുന്നു. പ്രണബ് മുഖര്‍ജി കൊല്‍ക്കത്തയില്‍ നിന്ന് നിയമബിരുദം നേടി. 1963ല്‍ അവിടെ ഒരു കോളേജില്‍ അദ്ധ്യാപനം ആരംഭിച്ചു.
രാഷ്ട്രീയത്തിലെ ഉയർച്ച
വി.കെ. കൃഷ്ണ മേനോന്റെ തിരഞ്ഞെടുപ്പു പ്രചാരണച്ചുമതലയില്‍ കാട്ടിയ കാര്യക്ഷമത ശ്രദ്ധിച്ച ഇന്ദിരാഗാന്ധിയാണ് പ്രണബിനെ ദേശീയ രാഷ്ട്രീയത്തിലേക്കു കൈപിടിച്ചെത്തിച്ചത്. 1969 ല്‍ ഇന്ദിര പ്രണബിനെ രാജ്യസഭാംഗമാക്കി. 73 ലെ ഇന്ദിര മന്ത്രിസഭയില്‍ അംഗവുമായി. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയുടെ വിശ്വസ്തനായിരുന്നു എന്നതിന്റെ പേരില്‍ പ്രണബ് പില്‍ക്കാലത്തു പഴി കേട്ടിട്ടുണ്ട്.
1975, 1981, 1993, 1999 എന്നീ വര്‍ഷങ്ങളില്‍ നാല് തവണ കൂടി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2003 ലും 2009 ലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടുതവണ വിജയിച്ചു. ഇന്ദിര കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ ആശയക്കുഴപ്പത്തില്‍, പ്രണബ് പ്രധാനമന്ത്രിപദം ആഗ്രഹിച്ചിരുന്നെന്ന് ആരോപണമുയര്‍ന്നു. ഇന്ദിരാഗാന്ധിയുമായുള്ള സാമീപ്യവും അദ്ദേഹത്തില്‍ അവര്‍ പുലര്‍ത്തിയിരുന്ന വിശ്വാസവും കണക്കിലെടുക്കുമ്പോള്‍, 1984 ൽ രാജീവ് ഗാന്ധിയേക്കാള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തന്റെ അവകാശവാദം വലുതാണെന്ന് പ്രണബ് മുഖര്‍ജി കരുതിയെന്ന് ചില നിരീക്ഷകര്‍ പറഞ്ഞു. രാജീവ് ഗാന്ധിയേക്കാള്‍ പരിചയസമ്പന്നനായിരുന്നു പ്രണബ് മുഖര്‍ജി. ഇന്ദിരാഗാന്ധി വധിക്കപ്പെട്ട സമയത്ത് കേന്ദ്ര മന്ത്രിസഭയിലെ ഉന്നത സ്ഥാനത്തായിരുന്നു പ്രണബ് മുഖര്‍ജി, രാജീവ് ഗാന്ധി ആദ്യമായി എംപിയായതും ഇതേ സമയത്തായിരുന്നു.
പക്ഷേ രാജീവ് ഗാന്ധി അധികാരത്തിലെത്തി. അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ പ്രണബ് ഇടംകണ്ടതുമില്ല. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ പ്രണബ് മുഖര്‍ജിയെ തന്റെ സ്ഥാനത്തിന് ഭീഷണിയായി കാണുകയും ബംഗാളിലെ പാര്‍ട്ടിയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അയക്കുകയും ചെയ്തു. കോണ്‍ഗ്രസ് വിട്ട പ്രണബ് 1986 ല്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചെങ്കിലും പിന്നീട് തിരിച്ചെത്തി. രാജീവ് ഗാന്ധി വധിക്കപ്പെട്ടപ്പോഴും പ്രണബ് പ്രധാനമന്ത്രിയാകുമെന്നു പാര്‍ട്ടിയിലടക്കം പലരും കരുതിയെങ്കിലും നടന്നില്ല.
2004 ല്‍ സോണിയ ഗാന്ധി പ്രധാനമന്ത്രിപദം നിരസിച്ചപ്പോള്‍ അത് എത്തിയത് മന്‍മോഹന്‍ സിംഗിലായിരുന്നു. 2009 ലും യുപിഎ അധികാരത്തിലെത്തിയപ്പോള്‍ മന്‍ മോഹന്‍ തുടര്‍ന്നു. പ്രണബ് മന്ത്രിസഭയിലെ രണ്ടാമനായി. 2012 ല്‍ പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായി. രാഷ്ട്രപതിയുടെ കാലാവധി അവസാനിച്ച ശേഷം 2018 ല്‍ നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ചത് വിവാദങ്ങള്‍ക്കു തിരികൊളുത്തിയിരുന്നു.