തിരുവനന്തപുരം: അടിയന്തരാവസ്ഥക്കാലത്തും ഇന്ദിരയുടെ വിശ്വസ്തനായിരുന്നു പ്രണബ് മുഖര്‍ജി എന്നത് ആര്‍ക്കുമറിയാത്ത കാര്യമല്ല. എന്നാല്‍, പ്രണബിന്റെ മിടുക്ക് ഇന്ദിരയുടെ കണ്ണില്‍പ്പെടാന്‍ കാരണക്കാരനായത് ഒരു മലയാളിയാണ്. കേരളക്കരയും കടന്ന് ഇന്ത്യയുടെയും ലോകത്തിന്റെയും ശ്രദ്ധ കവര്‍ന്ന വി.കെ. കൃഷ്ണമേനോന്‍. 1969-ല്‍ ബംഗാളിലെ മിഡ്‌നാപ്പുര്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് കൃഷ്ണമേനോന്‍ വിജയിച്ചുകയറിയപ്പോള്‍ അതു പ്രണബിന്റെ രാഷ്ട്രീയജീവിതത്തിലേക്കുള്ള വഴിത്തിരിവായി.
വി.കെ. കൃഷ്ണ മേനോന്റെ തിരഞ്ഞെടുപ്പു പ്രചാരണച്ചുമതലയില്‍ കാട്ടിയ കാര്യക്ഷമത ശ്രദ്ധിച്ച ഇന്ദിരാഗാന്ധിയാണ് പ്രണബിനെ ദേശീയ രാഷ്ട്രീയത്തിലേക്കു കൈപിടിച്ചെത്തിച്ചത്. 1957-ലും 1962-ലും ബോംബെ നോര്‍ത്തില്‍ മത്സരിച്ച് പരാജയം അറിഞ്ഞെങ്കിലും അദ്ദേഹം മിഡ്‌നാപ്പുരിലും തന്റെ ഭാഗ്യം പരീക്ഷിച്ചു. സിറ്റിംഗ് എം.പി. എസ്.എന്‍.മൂര്‍ത്തിയുടെ മരണത്തെത്തുടര്‍ന്ന് മിഡ്‌നാപ്പുരില്‍ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നു. പാര്‍ട്ടിക്കുള്ളിലെ കലാപത്തിന്റെ ഭാഗമായി ബംഗാള്‍ മുഖ്യമന്ത്രി അജോയ് മുഖര്‍ജി കോണ്‍ഗ്രസ്സിനെ പിളര്‍ത്തി. പുതുതായി രൂപവത്കരിക്കപ്പെട്ട ബംഗ്ലാ കോണ്‍ഗ്രസ് മിഡ്‌നാപുരില്‍ കൃഷ്ണമേനോനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.
കോണ്‍ഗ്രസ്സിലെ കെ.ഡി.റോയിയെ 1,87,850 വോട്ടുകള്‍ക്ക് കൃഷ്ണമേനോന്‍ പരാജയപ്പെടുത്തിയത് ചരിത്രമായി. പ്രണബിന്റെ രാഷ്ട്രീയതന്ത്രങ്ങളുടെ നേട്ടമായിരുന്നു ഈ വിജയം. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഇന്ദിരാഗാന്ധി പ്രണബിനെ കോണ്‍ഗ്രസ്സിലേക്ക് തിരിച്ചെത്തിച്ചു. അതേവര്‍ഷം പ്രണബ് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
തമാശക്കഥകള്‍ കേള്‍ക്കാന്‍ ഏറേ താത്പര്യമുള്ള പ്രണബിന് കേരളത്തിലെ 'തീറ്റ റപ്പായി'യാണ് ഏറെ ഇഷ്ടമുള്ള കഥാപാത്രം.ഒരു മലയാളി മാദ്ധ്യമപ്രവര്‍ത്തകന്‍ ഒരിക്കല്‍ അഭിമുഖത്തിന് ചെന്നപ്പോള്‍ 'റപ്പായിക്കഥകള്‍ അറിയില്ലേ'യെന്നായിരുന്നു പ്രണബിന്റെ ആദ്യചോദ്യം. വര്‍ത്തമാനത്തിനിടെ ഇടയ്ക്കിടെ തീറ്റ റപ്പായിയുടെ രസകരമായ വിശേഷങ്ങള്‍ പങ്കുവെച്ച് അദ്ദേഹം പൊട്ടിച്ചിരിക്കുകയും ചെയ്തു.