church

ദുബായ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടച്ചിട്ട വിവിധ ആരാധനാലയങ്ങള്‍ തുറക്കാനൊരുങ്ങി അബുദാബി. എല്ലാ മുസ്ലിം ഇതര ആരാധനാലയങ്ങളാണ് തുറക്കുന്നതെന്ന് കമ്മ്യൂണിറ്റി ഡവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് (ഡി.സി.ഡി) വ്യക്തമാക്കി. ഒരേസമയം മുപ്പത് ശതമാനം പേര്‍ക്ക് മാത്രമാകും ആരാധന നടത്താന്‍ അനുവാദം നല്‍കുക.

അതേസമയം കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഇത്തരം ആരാധനാലയങ്ങളില്‍ പ്രവേശിക്കാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ആരാധനാലയങ്ങളിലെ പ്രവേശനം സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ക്കൊടുവില്‍ കുട്ടികള്‍ക്കും പ്രവേശിക്കാന്‍ അനുമതി നല്‍കാനാണ് തീരുമാനമെന്ന് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് വകുപ്പിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ മുതവ പറഞ്ഞു. ഗുരുതര രോഗങ്ങളില്ലാത്ത, പ്രായമായവര്‍ക്കും ആരാധനാ കര്‍മങ്ങളില്‍ പങ്കെടുക്കാം.

പ്രധാന പ്രാര്‍ത്ഥനയ്ക്ക് മാത്രമായിരിക്കും അനുമതി. മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിയന്ത്രണം തുടരും. പരമാവധി ഒരു മണിക്കൂറിനുള്ളില്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കണം പ്രാര്‍ത്ഥനകള്‍ക്ക് എത്തുന്നവര്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം.ഇവിടങ്ങളില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെയാണ് വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.

ആരാധനാലയങ്ങള്‍ തുറക്കുമെങ്കിലും നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും തുടരും. ഗുരുതര രോഗങ്ങളില്ലാത്തവര്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശിക്കാം. ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ മാര്‍ഗനിര്‍ദേശം തയ്യാറായിട്ടുണ്ട്. എന്തെല്ലാം നടപടിക്രമങ്ങള്‍ ഒരോരുത്തരം പാലിക്കണമെന്നും നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും എന്തെല്ലാം ആണെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്.