marriage

കൊച്ചി: കൊവിഡ് കാലത്ത് തകര്‍ന്നടിഞ്ഞ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് പ്രതീക്ഷയേകി കല്യാണ സീസണ്‍. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിവാഹങ്ങള്‍ നടത്താം എന്നായതോടെ തിരക്കിട്ടു നടത്തുന്ന കല്യാണങ്ങളും നിരവധി. പാടെ തകര്‍ന്നിരുന്ന ഹോട്ടല്‍ വ്യവസായ രംഗത്ത് ഇപ്പോള്‍ പ്രതീക്ഷകളുടെ പുലരികളാണ്. മാസങ്ങളായി ബുക്കിംഗുകളോ ഇവന്റുകളോ ഇല്ലാത്തത് ഹോസ്പിറ്റാലിറ്റി വ്യവസായ രംഗത്തെ/ ഹോട്ടല്‍ വ്യവസായ രംഗത്തെ തളർത്തിയിരുന്നു.

കല്ല്യാണ സീസണ്‍ പ്രമാണിച്ച് ഹോട്ടല്‍ റൂം ബുക്കിംഗുകളിലും അന്വേഷണങ്ങളിലും ഉണ്ടായ വര്‍ധനയാണ് ഇപ്പോള്‍ ഈ രംഗത്ത് പ്രതീക്ഷകള്‍ നല്‍കുന്നത്. ഹോട്ടലുകളുടെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് കല്ല്യാണ സീസണ്‍, കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ഹോസ്പിറ്റാലിറ്റി ഹോട്ടല്‍ വ്യവസായ മേഖലയില്‍ പ്രതിസന്ധി ഗുരുതരമായിരുന്നു. രാജ്യത്തെ മൂന്നില്‍ ഒന്ന് ഹോട്ടലുകള്‍ എങ്കിലും പൂട്ടേണ്ടി വന്നേക്കും എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയത്. ബിസിനസില്‍ ഉണ്ടായ വന്‍ നഷ്ടം മറികടക്കാന്‍ മിക്ക ഹോട്ടലുകളും ക്വാറന്റൈന്‍ കേന്ദ്രങ്ങളായും ഐസൊലേഷന്‍ കേന്ദ്രങ്ങളായും ഒക്കെ പ്രവര്‍ത്തിപ്പിയ്ക്കുകയായിരുന്നു.

ഹോട്ടലുകള്‍ അടച്ചു പൂട്ടിക്കിടക്കുമ്പോഴും വാടക നല്‍കേണ്ടി വരുന്നതും പ്രവര്‍ത്തിയ്ക്കുന്നില്ലെങ്കിലും ലൈസന്‍സ് ഫീസ് ഈടാക്കുന്നതും എല്ലാം ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുന്നതായി വ്യവസായികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹോട്ടല്‍ വ്യവസായ അസോസിയേഷന്റെ കണക്കു പ്രകാരം 70 നഗരങ്ങളിലെ 237-ഓളം വരുന്ന ഹോട്ടലുകളെ കൊവിഡ് പ്രതിസന്ധി ബാധിച്ചിട്ടുണ്ട് .

ഹെറിറ്റേജ് ഹോട്ടലുകള്‍ക്കും പഞ്ച നക്ഷത്ര ഹോട്ടലുകള്‍ക്കും ബജറ്റ് ഹോട്ടലുകള്‍ക്കും എല്ലാം അടുത്ത രണ്ടു മൂന്ന് വര്‍ഷത്തെയ്ക്ക് പ്രവര്‍ത്തന ഫണ്ട് വേണ്ടി വരുന്ന അവസ്ഥയാണ് കൊവിഡ് മൂലം ഉണ്ടായത്. ഈ അവസരത്തിലാണ് വിവാഹ സീസണ്‍ എത്തുന്നത്.