asya

കൊണ്ടോട്ടി: മാതാവിന്റെ വീട്ടിലേക്കു കുടുംബത്തോടൊപ്പം വിരുന്നിനെത്തിയ 11 മാസം പ്രായമുളള കുഞ്ഞ് കൊവിഡ് ബാധിച്ചു മരിച്ചു. കൊണ്ടോട്ടിയ്ക്കടുത്തു പുളിക്കൽ അരൂരിൽ വിരുന്നിനെത്തിയ താനൂർ ഓമച്ചപ്പുഴ കാടിയങ്ങൽ റമീസിന്റെ മകൾ ആസ്യ അമാനയാണ് (11 മാസം) മരിച്ചത്. മാതാവ് ലുലു തസ്രീഫയുടെ അരൂരിലെ വീട്ടിൽ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട സൽക്കാരത്തിനെത്തിയതായിരുന്നു കുടുംബം. പിതാവ് റമീസ് വിദേശത്താണ്. പെരുന്നാൾ കഴിഞ്ഞ് താനൂരിലേക്കു മടങ്ങാനുളള തീരുമാനത്തിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് കുഞ്ഞിനു പനിയോടു കൂടിയ ശാരീരികാസ്വാസ്ഥ്യമുണ്ടായത്. തുടർന്നു പുളിക്കൽ സ്വകാര്യ ആശുപത്രിയിലും തുടർന്നു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ആന്റിജൻ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ആയിഷ ഏക സഹോദരിയാണ്.

മരിച്ച കുഞ്ഞിനു കൊവിഡ് സ്ഥിരീകരിച്ചതോടെ വീട്ടിലെ മറ്റുള്ളവരിൽ നടത്തിയ പരിശോധനയിൽ ആറു പേർ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജിലേക്കു മാറ്റി. മരിച്ച കുഞ്ഞും കുടുംബവും വിദേശത്തായിരുന്നു. പിന്നീട് കൊവിഡ് വ്യാപനം വന്നതോടെ നാട്ടിലേക്ക് മടങ്ങിയതായിരുന്നു.