flood-in-nilambur

നിലമ്പൂർ: കഴിഞ്ഞ വർഷത്തെ പ്രളയ ദുരിതത്തിന്റെ ഓർമ്മകളുമായി ഒരു ആഗസ്റ്റ് മാസം കൂടിയെത്തി. 2019 ആഗസ്റ്റിലാണ് കവളപ്പാറ ദുരന്തമുൾപ്പെടെ മലയോര മേഖല കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളുണ്ടായത്. ഇത്തവണയും ആഗസ്റ്റിൽ ശക്തമായ മഴയാണ് വിദഗ്ദർ പ്രവചിക്കുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റ് മാസാദ്യത്തിൽ തന്നെ അതി തീവ്ര മഴയുണ്ടാവുകയും ചാലിയാർ പുഴ കരകവിഞ്ഞ് നിലമ്പൂർ ടൗൺ ഉൾപ്പെടെ വെള്ളത്തിനടിയിലായി. ഇതിനിടെ പോത്തുകല്ല് കവളപ്പാറയിൽ മലയിടിഞ്ഞുണ്ടായ അപകടത്തിൽ 59 പേർ മരിച്ചു. മഴ തുടർന്നും കനത്തു പെയ്തതോടെ മലയോര മേഖലയിലെ മുഴുവൻ പ്രദേശങ്ങളും തീരാ ദുരിതത്തിലായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പിന്നീട് നിലമ്പൂർ മേഖലയിലേക്ക് സഹായം ഒഴുകിയെത്തുകയും ചെയ്തു. നിരവധി സംഘടനകളും സന്നദ്ധ പ്രവർത്തകരുമാണ് മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾക്കും ശുചീകരണങ്ങൾക്കുമായി എത്തിയത്. നിലക്കാത്ത സഹായഹസ്തങ്ങളിൽ പിടിച്ച് താത്കാലികമായി ദുരിത പരിഹാരം കണ്ടെത്തിയെങ്കിലും വ്യാപാരികൾ ഉൾപ്പെടെ നിരവധി പേർ ഇന്നും പ്രളയത്തിന്റെ ആഘാതത്തിൽ നിന്നും സാമ്പത്തികമായും സാമൂഹികമായും മോചിതരായിട്ടില്ല. നൂറുകണക്കിനു വീടുകളാണ് മേഖലയിൽ മഴക്കെടുതിയിൽ അന്ന് തകർന്നു വീണത്. പതുക്കെ പതുക്കെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇവർക്കൊക്കെ വീടുകൾ നിർമ്മിച്ചു നൽകി വരുന്നുണ്ട്. വലിയ ആൾനാശമുണ്ടായ കവളപ്പാറയിൽ സർക്കാർ തലത്തിലും വിവിധ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടകളുടെയും നേതൃത്വത്തിലും പുനരധിവാസ പ്രവർത്തനങ്ങൾ ഇപ്പോഴും തുടർന്നു വരികയാണ്.

മഴപ്പേടിയിൽ മലയോരം

കനത്ത മഴ പ്രവചിച്ചിരുന്ന അക്കാലത്തും ഇത്തരമൊരു സാഹചര്യം ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇത്തവണയും ആഗസ്റ്റ് മാസം ആദ്യത്തോടെ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കാലാവസ്ഥ വിദഗ്ദരുടെ പ്രവചനം. തിങ്കളാഴ്ച മുതൽ മഴയ്ക്ക് ശക്തിയേറുമെന്നും പറയുന്നുണ്ട്. ഈ കാലവർഷക്കാലത്ത് ഇതു വരെ മഴക്കുറവാണ് ഉണ്ടായതെങ്കിലും ഈ മാസത്തിൽ ഏതെല്ലാം പ്രതികൂല സാഹചര്യമാണ് ഉണ്ടാവുക എന്ന ആശങ്കയിലാണ് മലയോര മേഖലയിലെ ജനങ്ങൾ. പ്രത്യേകിച്ചും പുഴകളോടു ചേർന്ന് താമസിക്കുന്നവർക്കാണ് ആശങ്ക കൂടുതലുള്ളത്. രണ്ടുവർഷത്തെ പ്രളയകാലം തന്ന അനുഭവങ്ങൾ ഏതു ദുരന്തമുണ്ടായാലും മറികടക്കാൻ സഹായിക്കുമെന്ന് വിശ്വാസമുള്ളവരും ഏറെയാണ്.