covid
പി.കെ.ബഷീർ എം.എൽ.എയുടെ നേതൃത്വത്തിൽ കൊവിഡ് അവലോകന യോഗം ചേർന്നപ്പോൾ

എടവണ്ണ: ഒമ്പത് പേർ കൊവിഡ് പോസിറ്റീവായതോടെ എടവണ്ണ പഞ്ചായത്തിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണി വരെ കടകൾക്ക് പ്രവർത്തിക്കാം. ചൊവ്വാഴ്ച മുതൽ ശനിയാഴ്ച്ച രാവിലെ വരെ കടകൾ പൂർണ്ണമായും അടച്ചിടണമെന്ന് പി.കെ.ബഷീർ എം.എൽ.എ പറഞ്ഞു. ആരോഗ്യ, പൊലീസ്, ഫയർഫോഴ്സ്, പഞ്ചായത്ത് വകുപ്പ് അധികൃതരുമായി ഇന്നലെ നടത്തിയ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് എം.എൽ.എ അറിയിച്ചു.

ആരോഗ്യ വകുപ്പ് തയ്യാറാക്കിയ പ്രാഥമിക സമ്പർക്ക പട്ടിക പ്രകാരം 270പേരോളം രോഗികളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ട്. ഇത് അസാധാരണ സാഹചര്യമാണ് പഞ്ചായത്ത് പ്രദേശത്ത് സൃഷ്ടിച്ചിട്ടുള്ളതെന്ന് എം.എൽ.എ പറഞ്ഞു. ഇവർക്കെല്ലാം ആന്റിജൻ പരിശോധന നടത്തും. കൂടാതെ പഞ്ചായത്തിലെ പ്രധാന ടൗണുകളായ എടവണ്ണ, പത്തപ്പിരിയം, പന്നിപ്പാറ, കുണ്ടുതോട്, ഒതായി എന്നിവിടങ്ങളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തും.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. നിയമം ലംഘിക്കുന്നവർക്കെതിരെ പൊലീസും, ആരോഗ്യ വകുപ്പും പകർച്ചവ്യാധി വ്യാപന നിരോധന നിയമപ്രകാരം നടപടിയെടുക്കും. രോഗികൾ പലരും എടവണ്ണയിലെ പല കടകളും സന്ദർശിച്ചതായി റിപ്പോർട്ടുണ്ട്. ഇതുകൂടി കണ്ടാണ് കർശന നടപടികളിലേക്ക് കടക്കുന്നത്. വ്യാപാരികളും, ഹോട്ടൽ ഉടമകളുമായി നടത്തിയ ചർച്ചയിൽ സമ്പൂർണ ലോക്ക് ഡൗണുമായ് സഹകരിക്കുമെന്ന് അവർ ഉറപ്പു നൽകിയിട്ടുണ്ട്. പൊതുജനങ്ങളും പൂർണമായി സഹകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.

അടുത്ത വെള്ളിയാഴ്ച്ചത്തെ ജുമുഅ നമസ്‌കാരം അടക്കം ഒഴിവാക്കാൻ മഹല്ല് ഭാരവാഹികൾ മുൻകയ്യെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് 5 മണിവരെ കടകൾ തുറക്കുമെങ്കിലും അത്യാവശ്യ സാധനങ്ങൾ വാങ്ങുന്നതിന് മാത്രമേ ആളുകൾ പുറത്തിറങ്ങാവൂ. വ്യാഴാഴ്ച രാവിലെ എട്ട് മുതൽ 12 വരെ കടകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച്ച പഞ്ചായത്തിലെ സ്ഥിതിഗതികൾ വിലയിരുത്തി മാത്രമേ ലോക്ക്ഡൗൺ പിൻവലിക്കുന്നത് തീരുമാനിക്കുകയുള്ളുവെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

എടവണ്ണയിലെ നിലവിലെ സാഹചര്യം ആരോഗ്യ മന്ത്രിയെയും, കളക്ടറും, ജില്ലാ പോലീസ് മേധാവിയും, ജില്ലാ മെഡിക്കൽ ഓഫീസറും അടക്കമുള്ള ജില്ലാ അധികാര കേന്ദ്രങ്ങളെയും അറിയിച്ചിട്ടുണ്ടെന്നും യോഗ തീരുമാനം അനുസരിച്ച് സാഹചര്യം വിലയിരുത്തി മുന്നോട്ടുപോവാനാണ് ആരോഗ്യ മന്ത്രിയിൽ നിന്നും ലഭിച്ച നിർദ്ദേശമെന്ന് എം.എൽ.എ പറഞ്ഞു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബി.വി ഉഷാ നായർ, വൈസ് പ്രസിഡന്റ് എ. അഹമ്മദ് കുട്ടി, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്മാരായ ഇ.എ കരീം, റസിയ ബഷീർ, മെഡിക്കൽ ഒഫീസർമാരായ ഡോ.ജനീഫ്, ഡോ.മൻസൂർ, ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുറഹിമാൻ, സബ് ഇൻസ്‌പെക്ടർ സുരേഷ് കുമാർ, ഫയർ സർവ്വീസ് ഓഫീസർ അബ്ദുൽ നസീർ, മറ്റു ആരോഗ്യ പ്രവർത്തകർ പങ്കെടുത്തു.