കുറ്റിപ്പുറം : കർക്കടകത്തിൽ നിറഞ്ഞൊഴുകേണ്ട ഭാരതപ്പുഴയുടെ വിവിധ പ്രദേശങ്ങൾ കാടുകയറിയും വെള്ളമില്ലാതെയും നശിക്കുന്നു. കുറ്റിപ്പുറം മുതൽ ചമ്രവട്ടം വരെയുള്ള പ്രദേശം കൂടുതലും പുൽക്കാടായി മാറി. കഴിഞ്ഞ വർഷം ഈ സമയത്ത് രണ്ടറ്റവും മുട്ടി ഒഴുകിയ ഭാരതപ്പുഴ ഇപ്പോൾ ശുഷ്കിച്ചാണ് ഒഴുകുന്നത്. കർക്കടകത്തിൽ മഴയിൽ വന്ന കുറവാണ് പ്രധാനകാരണം. പടർന്നുപിടിച്ച പുൽക്കാടുകളും നിളയുടെ ശാപമാവുകയാണ്. കുറ്റിപ്പുറം മുതൽ പൊന്നാനി വരെ അനധികൃത മണലെടുപ്പ് മൂലം പുഴ പുൽക്കാടായി മാറുകയാണ്. പലയിടത്തും പുഴ നീർച്ചാലായി ഒഴുകുന്നതു കാണണമെങ്കിൽ പോലും പുൽക്കാട്ടിലേക്കിറങ്ങണം എന്നതാണ് അവസ്ഥ. അശാസ്ത്രീയ മണൽവാരലാണ് പുഴയുടെ സ്വാഭാവിക ഒഴുക്ക് നിലയ്ക്കാനും പുൽക്കാടുകൾ വളരാനും കാരണമെന്ന് നാട്ടുകാർ പറയുന്നു.
കാട് വെട്ടണം
പുഴയിലെ കാടു വെട്ടിമാറ്റാതെ ഒഴുക്കു പഴയപടിയാകില്ലെന്നു പരിസ്ഥിതി പ്രവർത്തകരും പറയുന്നു. വേനൽക്കാലത്ത് പുഴയുടെ പല ഭാഗങ്ങളിലും ഒട്ടും തന്നെ ഒഴുക്കില്ല. മഴക്കാലത്ത് മാത്രം നിറഞ്ഞൊഴുകുന്ന നദിയായി ഭാരതപ്പുഴ മാറിയിട്ടുണ്ട്. സമീപത്തെ വീടുകളിലെ കിണറുകൾ വറ്റാനും പുഴയോട് ചേർന്നുള്ള കൃഷിക്ക് വെള്ളം ലഭിക്കാതിരിക്കാനും ഇത്കാരണമാകും. ഒട്ടെറെ കുടിവെള്ള പദ്ധതികളും ഭാരതപ്പുഴയെ ആശ്രയിച്ചാണ് നിൽക്കുന്നത്. കടുത്ത മാലിന്യ പ്രശ്നവും പുഴയിലെ ഒഴുക്ക് കുറയാൻ കാരണമായി.