പെരിന്തൽമണ്ണ: കൊവിഡ് നിയന്ത്രണങ്ങൾക്കതീതമായി ഭീഷണിയായേക്കാവുന്ന സാഹചര്യത്തിൽ കൂടുതൽ കൊവിഡ് ചികിത്സാകേന്ദ്രങ്ങൾ അനിവാര്യമായ സാഹചര്യത്തിൽ പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സാ കേന്ദ്രം ഒരുക്കുന്നു. എം.ഇ.എസ് മെഡിക്കൽ കോളേജിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള എം.ഇഎസ്. ആർട്സ് ആന്റ് സയൻസ് കോളേജാണ് കൊവിഡ് ആശുപത്രിയായി ക്രമീകരിച്ചിട്ടുള്ളത്. എല്ലാ ശാസ്ത്രീയമായ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 12 വെന്റിലേറ്റർ സൗകര്യമുള്ള ഐസിയു, 10 കിടക്കകളോടെയുള്ള എച്ച്ഡിയു അടക്കം 200 ഓളം പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന കൊവിഡ് ആശുപത്രിയുടെ മേൽനോട്ടത്തിലായിരിക്കും ഇവിടെ പ്രവർത്തിക്കുക.
കാരുണ്യ കാസ്പ് ഇൻഷൂറൻസ് വഴിയുള്ള ചികിത്സാ സൗകര്യവും ഒരുക്കുന്നുണ്ട്. ആശുപത്രിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് വിദ്യഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ നിർവ്വഹിക്കും. എം.ഇ.എസ്. മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ഫസൽ ഗഫൂർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ടി.കെ. റഷീദലി, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഒ. കേശവൻ, പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ജയറാം, വാർഡ് മെമ്പർ ഫെബില ബേബി, ഡോ. ഗിരീഷ് രാജ്, ഡോ. സാജിത്, ഡോ. ഹമീദ് ഫസൽ, സലാഹുദ്ദീൻ, ഷാഫി ഹാജി, ഡോ. ജമാലുദ്ധീൻ പങ്കെടുക്കും.