baot
ട്രോളിംഗ് നിരോധനത്തിന് ശേഷം മത്സ്യ ബന്ധനത്തിനിറങ്ങാൻ പൊന്നാനി ഹാർബറിൽ തയ്യാറായി നിൽക്കുന്ന യന്ത്രവത്കൃത ബോട്ടുകൾ

മത്സ്യബന്ധനം ഇനി സാമൂഹിക അകലം പാലിച്ച്

പൊന്നാനി: കൊവിഡ് കാലത്തെ മത്സ്യബന്ധനത്തിനായി കടലിലിറങ്ങാൻ മത്സ്യത്തൊഴിലാളികൾ ഒരുങ്ങി. ഒന്നര മാസക്കാലത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷം ബുധനാഴ്ച്ച അർദ്ധരാത്രി മുതൽ യന്ത്രവത്കൃത ബോട്ടുകൾ കടലിലിറങ്ങും. പഴയ രീതികളിൽ നിന്ന് വ്യത്യസ്തമായിരിക്കും കൊവിഡ് കാലത്തെ മത്സ്യബന്ധനം. സാമൂഹിക അകലം പാലിച്ചുള്ള മത്സ്യബന്ധനമായിരിക്കും ഇനിയങ്ങോട്ട്. അത് പ്രയാസകരമല്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. വലിയ ബോട്ടുകളിൽ പത്തും ഇടത്തരം ബോട്ടുകളിൽ ആറും തൊഴിലാളികളാണുണ്ടാവുക.

ട്രോളിംഗ് നിരോധനം അവസാനിക്കും മുമ്പുള്ള ഒരു മാസക്കാലം മത്സ്യത്തൊഴിലാളികൾക്ക് ഏറെ പ്രതീക്ഷയുടേതും ആശ്വാസത്തിന്റെതുമായിരുന്നു. ഒട്ടുമിക്ക ബോട്ടുകൾക്കും കാര്യമായി മീൻ ലഭിച്ചു. ചെമ്മീൻ, മാന്തൾ എന്നിവയാണ് കൂടുതലായി ലഭിച്ചത്. ട്രോളിംഗ് നിരോധനത്തിന് ശേഷമുളള സീസണും പ്രതീക്ഷയുടേതാകുമെന്നാണ് മത്സ്യത്തൊഴിലാളികൾ കണക്കുകൂട്ടുന്നത്. ഇത് മുന്നിൽക്കണ്ട് പതിനഞ്ചോളം പുതിയ ബോട്ടുകൾ പൊന്നാനി തുറമുഖത്തു നിന്ന് കടലിലിറങ്ങാൻ സന്നദ്ധമായിട്ടുണ്ട്. സെക്കന്റ് ഹാൻഡ് ബോട്ടുകൾ വിലയ്ക്കെടുത്താണ് ഇവർ മത്സ്യബന്ധനത്തിനിറങ്ങുന്നത്.

ട്രിപ്പിൾ ലോക്ക്ഡൗൺ കാലത്ത് കൊച്ചിയിൽ നിന്നും ബേപ്പൂരിൽ നിന്നും തൊഴിലാളികളെ എത്തിച്ച് ബോട്ടുകളുടെ അറ്റകുറ്റപ്പണിയും നവീകരണവും പൂർത്തിയാക്കി. ട്രോളിംഗിന് മുമ്പായി ലഭിച്ച കോള് അറ്റകുറ്റപ്പണിക്ക് പണം ഒരുക്കൂട്ടാൻ സഹായകമായി. മത്സ്യലഭ്യതക്കുറവിൽ വലഞ്ഞാണ് സാധാരണ സീസൺ അവസാനിക്കാറുള്ളത്. ഇത്തവണത്തെ സാഹചര്യം പ്രതീക്ഷ നൽകുന്നതാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

തീരദേശ മേഖലയിലെ കൊവിഡ് വ്യാപനം മത്സ്യത്തൊഴിലാളികളെ ആശങ്കയിലാക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളിൽ പലരും ക്വാറന്റൈനിലാണ്. നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ ശേഷമേ ഇവർ കടലിലിറങ്ങൂ. മുഴുവൻ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചായിരിക്കും മത്സ്യബന്ധനത്തിനിറങ്ങുകയെന് ബോട്ടുടമകൾ പറഞ്ഞു.

കോളുകാലം,​ പക്ഷേ....

നീളൻ കൂന്തൾ, കല്ലൻ കൂന്തൾ, കണവ, കിളിമീൻ എന്നിവയാണ് ട്രോളിംഗ് നിരോധനത്തിന് ശേഷമുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്. പിടിച്ചുകൊണ്ടു വരുന്ന മത്സ്യത്തിന്റെ വിൽപ്പനയിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ഹാർബറിൽ ലേലം അനുവദിക്കില്ല. അതത് ഹാർബറുകളിലെത്തുന്ന മത്സ്യം അവിടെ വിൽപ്പന നടത്താൻ സാഹചര്യമൊരുക്കും. മത്സ്യ കയറ്റുമതിക്ക് നിയന്ത്രണങ്ങളുള്ളത് പ്രതിസന്ധി സൃഷ്ടിക്കും. കല്ലൻ കൂന്തൾ, നീളൻ കൂന്തൾ എന്നിവ കയറ്റുമതി വിപണിയിൽ വലിയ വില ലഭിക്കുന്നവയാണ്. മത്സ്യബന്ധനവും വിൽപ്പനയും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ന് പുറപ്പെടുവിക്കും. ഒട്ടുമിക്ക തീരപ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണുകളായതിനാൽ ഹാർബർ കേന്ദ്രീകരിച്ച് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകും.