കുറ്റിപ്പുറം : ചിങ്ങമാസം വരാനിരിക്കെ മുണ്ടകൻ കൃഷിക്കുള്ള തയ്യാറെടുപ്പാരംഭിച്ച് കർഷകർ. കൊവിഡിന്റെ പ്രതിസന്ധികൾക്കിടയിലും പലയിടത്തും കണ്ടംപൂട്ടി തുടങ്ങി.
ചിങ്ങം-കന്നി മാസങ്ങളിൽ തുടങ്ങി ധനു-മകരം മാസങ്ങളിൽ അവസാനിക്കുന്ന കൃഷിയാണ് മകരക്കൊയ്ത്ത് എന്നറിയപ്പെടുന്ന മുണ്ടകൻ. ജില്ലയിൽ ഏകദേശം 3,800 ഹെക്ടർ പ്രദേശത്ത് മുണ്ടകൻ കൃഷി ചെയ്യുന്നുണ്ട്. പെരുമ്പടപ്പ്, തവനൂർ, പരപ്പനങ്ങാടി ബ്ലോക്കുകളിലാണ് മുണ്ടകന് പ്രചാരം കൂടുതൽ. പതിനഞ്ചോളം ബ്ലോക്കുകളിലായി മൊത്തം ഏഴായിരത്തോളം ഹെക്ടർ പ്രദേശത്ത് മുണ്ടകൻ കൃഷിയുണ്ട്.
നെൽവയലുകൾ ട്രാക്ടർ ഉപയോഗിച്ച് പൂട്ടിത്തുടങ്ങിയിട്ടുണ്ട്. മഴയുടെ കാര്യത്തിലുള്ള അനിശ്ചിതത്വവും കൊവിഡ് പ്രതിസന്ധികളും കർഷകരെ ആശങ്കയിലാക്കുന്നുണ്ട്. ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തതാണ് പ്രധാന പ്രശ്നം. കൊയ്ത്തുകാലമാകുമ്പോഴേക്കും അന്യസംസ്ഥാന തൊഴിലാളികൾ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
സാധാരണയായി പൊന്മണി നെൽവിത്താണ് കൂടുതലായും മുണ്ടകൻ കൃഷിക്ക് ഉപയോഗിക്കുക വിതയ്ക്കുന്നതിനേക്കാൾ വിളവ് ലഭിക്കുന്നതാണ് പൊന്മണി വിത്തിന്റെ പ്രത്യേകത. ഉമ, ഐശ്വര്യ, മനുരത്ന, ജ്യോതി തുടങ്ങിയ വിത്തിനങ്ങളും ഉപയോഗിച്ചുവരുന്നുണ്ട്
പി. പി. ഗീത, ജില്ലാ കൃഷി ഓഫീസർ