priyanka-gandhi

മലപ്പുറം: അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തെ സ്വാഗതം ചെയ്തുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയിൽ പ്രതിഷേധം മയപ്പെടുത്തി മുസ്‌ലിം ലീഗ്.

പ്രിയങ്കയുടെ അഭിപ്രായത്തോട് വിയോജിക്കുന്നുവെന്നും, പ്രസ്താവന അസ്ഥാനത്താണെന്നുമുള്ള രണ്ടുവരി പ്രമേയം ഇന്നലെ പാണക്കാട്ട് ചേർന്ന ദേശീയസമിതി യോഗം പാസാക്കി. ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ വർഗ്ഗീയ ധ്രുവീകരണത്തിലേക്ക് വഴി മാറാമെന്ന അഭിപ്രായമാണ് ചർച്ചയിലുയർന്നത്. ബാബറി വിഷയത്തിലെ കോടതി വിധി അംഗീകരിക്കുന്നുതിന്റെ അർത്ഥം അത് സ്വാഗതം ചെയ്യുന്നുവെന്നല്ലെന്ന വികാരം കോൺഗ്രസ് നേതൃത്വത്തെ അറിയിക്കും.1992ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്വീകരിച്ച നിലപാടിൽ നിന്ന് വ്യതിചലിക്കില്ലെന്നും, വികാരത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കില്ലെന്നും ലീഗ് നേതാക്കൾ വ്യക്തമാക്കി.ലീഗ് നേതാക്കളെ ബന്ധപ്പെട്ട എ.ഐ.സി.സി നേതൃത്വം , പ്രിയങ്കയുടെ പ്രസ്താവന മതസൗഹാർദ്ദമാണ് ലക്ഷ്യമിട്ടതെന്ന് വിശദീകരിച്ചിരുന്നു.

ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾക്കില്ല. മതേതര വീക്ഷണമുള്ള മത, സാമൂഹിക, സാംസ്‌കാരിക സംഘടനകളുമായി ആശയ വിനിമയം നടത്തിയാണ് തീരുമാനം.

പി.കെ. കുഞ്ഞാലിക്കുട്ടി എം.പി