കടുത്ത ജാഗ്രതയിൽ ജില്ല
മലപ്പുറം: തുടർച്ചയായി നാലുദിവസം കൂടി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത് പ്രളയ സാദ്ധ്യത വർദ്ധിപ്പിച്ചതോടെ ജില്ല അതീവജാഗ്രതയിൽ. നിറഞ്ഞൊഴുകിയ ചാലിയാറും കൈവരികളും പ്രളയം അതിരൂക്ഷമായി ബാധിച്ച നിലമ്പൂർ മേഖലയെ കടുത്ത ആശങ്കയിലാഴ്ത്തുന്നു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് ഇതിനകം തന്നെ മാറിത്താമസിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കവളപ്പാറയിൽ നിന്ന് നാല് കുടുംബങ്ങളെ മാറ്റി. ഭൂദാനം എൽ.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്. പുന്നപ്പുഴയിലെ ജലനിരപ്പ് ഉയരുന്നത് എടക്കര മേഖലയെ ആശങ്കപ്പെടുത്തുന്നു. വയനാട്ടിൽ ഇന്ന് റെഡ് അലേർട്ടാണ്. വയനാട് പുത്തുമലയിലുണ്ടായ കനത്ത മഴയും ചാലിയാറിലെ ജലനിരപ്പ് വർദ്ധിപ്പിക്കുന്നുണ്ട്. ഇന്നലെ പകൽ നിലമ്പൂർ മേഖലയിൽ മഴ അൽപ്പം മാറി നിന്നെങ്കിലും ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച പുലർച്ചെ വരെ നിൽക്കാതെ പെയ്ത മഴ ചാലിയാറിലെ ജലനിരപ്പിനെ കാര്യമായി സ്വാധീനിച്ചു.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഇന്നലെ രേഖപ്പെടുത്തിയതിൽ കൂടുതൽ മഴ ലഭിച്ചത് കരിപ്പൂരിലാണ്. 76.6 മില്ലീമീറ്റർ. വയനാട്ടിലെ മാനന്തവാടി - 152, വൈത്തിരി -103 മില്ലീമീറ്റർ എന്നിവ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയതും കരിപ്പൂരിലാണ്. ചൊവ്വാഴ്ച നിലമ്പൂരിൽ 48 മില്ലീമീറ്ററാണ് മഴ രേഖപ്പെടുത്തിയതെങ്കിൽ ഇന്നലെ 55.6 മില്ലീമീറ്ററാണ്. ഈമാസം ഒമ്പതുവരെ ജില്ലയിൽ കനത്ത മഴയ്ക്കാണ് സാദ്ധ്യത കൽപ്പിക്കുന്നത്. 115.6 മുതൽ 204.4 മില്ലീമീറ്റർ മഴ വരെ ലഭിക്കാൻ സാദ്ധ്യതയുണ്ട്. കഴിഞ്ഞ പ്രളയകാലത്തും ആഗസ്റ്റ് ആദ്യവാരം പിന്നിടാൻ നിൽക്കുമ്പോഴാണ് ജില്ലയിൽ അതിശക്തമായ മഴ പെയ്തത്.
ഒരാഴ്ച്ച എല്ലാം മാറി
ജൂൺ മുതൽ ജൂലൈ വരെ ജില്ലയിൽ മൺസൂൺ മഴയിൽ 30 ശതമാനത്തിന്റെ കുറവുണ്ടായി. കഴിഞ്ഞ മൂന്ന് ദിവസത്തെ കനത്ത മഴയോടെ കുറവ് 27 ശതമാനമായി. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ മഴയിൽ പ്രതീക്ഷിച്ചതിനേക്കാൾ 59 ശതമാനം വർദ്ധിച്ചു. 125.1 മില്ലീമീറ്റർ മഴയാണ് പ്രതീക്ഷിച്ചതെങ്കിൽ ഇന്നലെ വരെ ലഭിച്ചത് 199.4 മില്ലീമീറ്ററാണ്.
ഇന്നലെ ലഭിച്ച മഴ
സ്റ്റേഷൻ മില്ലീ മീറ്റർ
പൊന്നാനി 23.3
നിലമ്പൂർ 55.6
മഞ്ചേരി 46.6
പെരിന്തൽമണ്ണ 52
കരിപ്പൂർ 76.6