മലപ്പുറം: സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകിയപ്പോൾ സ്പെഷ്യൽ സ്കൂളുകളോട് അധികൃതരുടെ അവഗണന. ജില്ലയിൽ ഒന്നുമുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ 5,59,494 കുട്ടികൾക്ക് അരിയും ഒമ്പതിനം പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റ് നൽകിയിരുന്നു. ഏപ്രിൽ, മേയ് മാസങ്ങളിലെ ഭക്ഷ്യഭദ്രത അലവൻസെന്ന പേരിലാണ് സർക്കാർ കിറ്റ് അനുവദിച്ചത്. സംസ്ഥാനത്ത് ആകെ 43 സ്പെഷ്യൽ സ്കൂളുകളാണുള്ളത്. ഇവിടങ്ങളിലെ കുട്ടികളുടെ എണ്ണം പരിമിതമായിട്ടും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കിറ്റ് വിതരണത്തിൽ ഇവരെ പരിഗണിച്ചില്ല. കാഴ്ച്ച, കേൾവി ശക്തി കുറവുള്ള കുട്ടികളാണ് സ്പെഷ്യൽ സ്കൂളുകളിൽ പഠിക്കുന്നത്.
പ്രധാനാദ്ധ്യാപകർ മുഖേന കുട്ടികളുടെ എണ്ണമെടുത്ത് സോഫ്റ്റുവെയർ മുഖാന്തരം സപ്ലൈക്കോയ്ക്ക് നൽകിയ ഇൻഡന്റ് അനുസരിച്ചുള്ള കിറ്റുകളാണ് ജനറൽ സ്കൂളുകളിൽ എത്തിച്ച് വിതരണം ചെയ്തത്. ഈസമയത്ത് തന്നെ സ്പെഷൽ സ്കൂളുകളെയും പരിഗണിക്കണമെന്ന ആവശ്യം ഇവിടങ്ങളിലെ അദ്ധ്യാപകർ ഉന്നയിച്ചിരുന്നെങ്കിലും അധികൃതർ പരിഗണിച്ചില്ല.
ഭിന്നശേഷിക്കാർക്ക് ബാക്കിയുള്ളത്
ഭിന്നശേഷി കുട്ടികൾക്കും ഭക്ഷ്യകിറ്റ് നൽകണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെ കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ പ്രത്യേക സർക്കുലർ ഇറക്കി. അതത് ജില്ലകളിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ വിതരണത്തിനെത്തിച്ച കിറ്റുകൾ ബാക്കിയുണ്ടെങ്കിൽ സമീപത്തെ സ്പെഷൽ സ്കൂളുകൾക്ക് കൈമാറാനാണ് നിർദ്ദേശം. ഇവിടങ്ങളിൽ ചെന്ന് സ്പെഷ്യൽ സ്കൂൾ അദ്ധ്യാപകർ കിറ്റുകൾ ശേഖരിച്ച് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യണം. കിറ്റുകൾ കുറവുണ്ടെങ്കിൽ അക്കാര്യം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉച്ചഭക്ഷണ വിതരണ വിഭാഗത്തെ അറിയിക്കണമെന്നാണ് നിർദ്ദേശം. ജനറൽ സ്കൂളുകളിലേക്ക് സപ്ലൈക്കോ വഴി നേരിട്ട് കിറ്റുകൾ വിതരണം ചെയ്തപ്പോഴാണ് സ്പെഷൽ സ്കൂളുകളോട് അധികൃതരുടെ ഈ സമീപനം. ഭിന്നശേഷി കുട്ടികളുടെ കുടുംബങ്ങളിൽ ഭൂരിഭാഗവും സാമ്പത്തിക പരാതീനകൾ അനുഭവിക്കുന്നവരാണെന്ന് സ്പെഷ്യൽ സ്കൂളിലെ അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
ഭിന്നശേഷി വിദ്യാർത്ഥികളോട് അനീതി പുലർത്തുന്ന സർക്കുലർ പിൻവലിച്ച് മുഴുവൻ കുട്ടികൾക്കും കിറ്റുകൾ നേരിട്ടെത്തിക്കാൽ സംവിധാനമൊരുക്കണം. സമ്പൂർണ്ണയിൽ നിന്ന് ഭിന്നശേഷി വിദ്യാർത്ഥികളുടെ വിവരം ശേഖരിച്ച് അതത് പ്രദേശങ്ങളിലെ അംഗൻവാടികൾ വഴി കിറ്റുകൾ നൽകാനാവും. ഓരോ മാസത്തേയും ബോർഡിംഗ് ഗ്രാന്റിന് തത്തുല്യമായ കിറ്റുകൾ വിതരണം ചെയ്യണം.
സുധീർ, സെക്രട്ടറി , കേരള ഫെഡറേഷൻ ഒഫ് ദ ബ്ലൈൻഡ് ഫോറം