ആശങ്കയിൽ മത്സ്യത്തൊഴിലാളികൾ
പൊന്നാനി: ട്രോളിംഗ് നിരോധന കാലയളവ് പൂർത്തിയായെങ്കിലും എന്ന് കടലിലിറങ്ങാനാകുമെന്നറിയാതെ മത്സ്യത്തൊഴിലാളികൾ. ഒന്നര മാസക്കാലം നീണ്ടു നിന്ന ട്രോളിംഗ് നിരോധനം ഈ മാസം അഞ്ചിനാണ് അവസാനിച്ചത്. ശക്തമായ കാലവർഷവും അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ധവും കാരണമാണ് മത്സ്യബന്ധനം വിലക്കിയത്. കടൽ സമീപകാലങ്ങളിലൊന്നും കാണാത്ത വിധം പ്രക്ഷുബ്ധമാണ്. കടൽ ശാന്തമായാലല്ലാതെ മത്സ്യബന്ധനത്തിനിറങ്ങാനാവില്ല. ഏഴാംതീയതി വരെ മത്സ്യബന്ധന നിരോധനം നിലനിൽക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീടത് തിങ്കളാഴ്ച്ച വരെ നീട്ടി. ഈ സ്ഥിതി തുടർന്നാൽ തിങ്കളാഴ്ച്ചയും കടലിലിറങ്ങാനാവില്ല.
മത്സ്യ ബന്ധന ബോട്ടുകൾ അറ്റകുറ്റപ്പണികൾ തീർത്തും നവീകരണ പ്രവർത്തനങ്ങൾ നടത്തിയും കടലിലിറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ട്രോളിംഗ് നിരോധനം തീരാൻ ഒരു ദിവസം ശേഷിക്കെയാണ് നിരോധനം നീട്ടിയുള്ള ഉത്തരവിറങ്ങിയത്. കാലാവസ്ഥ വ്യതിയാനവും കടലിന്റെ പ്രക്ഷുബ്ധതയും മത്സ്യലഭ്യതയെ ബാധിക്കുമോയെന്ന ആശങ്ക മത്സ്യത്തൊഴിലാളികൾക്കുണ്ട്.
ട്രോളിംഗ് നിരോധനത്തിന് മുമ്പ് രണ്ടാഴ്ച്ചയോളം കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് കടലിലിറങ്ങാൻ സാധിച്ചിരുന്നില്ല. തുടർച്ചയായ ദിവസങ്ങളിൽ കടലിൽ ഇറങ്ങാനാകാതിരിക്കുന്നത് മത്സ്യത്തൊഴിലാളി ജീവിതങ്ങളെ തകിടം മറിക്കും.
സമ്പൂർണ്ണ ലോക്ക് ഡൗണിനെ തുടർന്ന് നേരിട്ട ജീവിത പ്രതിസന്ധി ട്രോളിംഗ് നിരോധനത്തിന് ശേഷമുള്ള സീസണിൽ മറികടക്കാമെന്ന പ്രത്യാശയിലാണ് മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങാൻ കാത്തിരുന്നത്. സമ്പൂർണ്ണ ലോക്ക് ഡൗൺ കാലത്തെ പ്രയാസങ്ങളും കഴിഞ്ഞ ഒന്നര മാസമായി തൊഴിലില്ലാത്ത അവസ്ഥയും ഒട്ടുമിക്ക മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും പട്ടിണിയിലെത്തിച്ചിരുന്നു.
ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ പൊന്നാനിയിൽ ഇരുനൂറോളം മത്സ്യ ബന്ധന ബോട്ടുകളാണുള്ളത്. ഇവയെല്ലാം കടലിലിറങ്ങാൻ സജ്ജാണ്. ആയിരത്തി അഞ്ഞൂറോളം തൊഴിലാളികൾ കടലിൽ പോകേണ്ടവരായുണ്ട്. അത്രതന്നെ തൊഴിലാളികൾ അനുബന്ധ മേഖലയിലുമുണ്ടാകും. ഇവരുടെ വീടുകൾ സമൃദ്ധമാകണമെങ്കിൽ ബോട്ടുകൾ കടലിൽ ഇറങ്ങിത്തുടങ്ങണം. ഓരോ ദിവസവും വൈകുന്നത് തൊഴിലാളികളുടെ വീടുകളിൽ ദുരിതത്തിന്റെ തീവത്ര കൂട്ടും.