മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി 35 അടിയോളം താഴ്ച്ചയിലേക്ക് വീണ് പൈലറ്റ് ക്യാപ്റ്റൻ ഡി.വി സാഠേയടക്കം 16 പേർ മരിച്ചു. മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. ദുബായിൽ നിന്ന് രാത്രി 7.45ഓടെ എത്തിയ ഐ.എക്സ് 1344 ദുബായ്- കോഴിക്കോട് ബോയിംഗ് 738 വിമാനമാണ് അപകടത്തിൽപ്പെട്ടത്. സഹപൈലറ്റ് അഖിലേഷിനും നിരവധി യാത്രക്കാർക്കും ഗുരുതരമായി പരിക്കേറ്റു. 191 പേർ വിമാനത്തിലുണ്ടായിരുന്നു. 185 യാത്രക്കാരിൽ 11 പേർ കുട്ടികളാണ്. ഇതിൽ കൂടുതലും അഞ്ച് വയസ്സിന് താഴെയാണ്. നാല് ക്യാബിൻ ക്രൂ, രണ്ട് പൈലറ്റുമാർ എന്നിവരും വിമാനത്തിലുണ്ടായിരുന്നു. 2010 മേയ് 22ന് 158 പേരുടെ മരണത്തിനിടയാക്കിയ മംഗലാപുരം വിമാനത്താവളത്തെപ്പോലെ ടേബിൾ ടോപ്പ് രീതിയിലുള്ളതാണ് കരിപ്പൂർ വിമാനത്താവളവും.
വിമാനത്താവളത്തിന് പുറത്ത് കൊണ്ടോട്ടി - കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. വീഴ്ചയുടെ ആഘാതത്തിൽ വിമാനം രണ്ടായി പിളർന്നു. കനത്ത മഴയിൽ റൺവേ കാണാനാവാതെ വിമാനം പുറത്തേക്ക് പോയതാണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം. ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് ഇടതുവശത്തേക്ക് തെന്നി നീങ്ങിയതോടെ വീണ്ടും ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കവെ റൺവേയിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. വിമാനം ലാൻഡ് ചെയ്ത അതേ വേഗത്തിലാണ് തെന്നിമാറിയത്. വിമാനത്താവളത്തിന്റെ അതിർത്തി മതിൽ ഇടിച്ച് തകർത്തു. അപകടത്തിൽ വിമാനത്തിന്റെ കോക്ക്പിറ്റ് മുതൽ മുൻവാതിൽ വരെ പൂർണ്ണമായും തകർന്നു. വിമാനത്തിന്റെ മദ്ധ്യഭാഗം പൂർണ്ണമായും തകർന്ന് വിമാനം രണ്ടായി പിളർന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിനിറങ്ങിയതെന്നാണ് വിവരം. വിമാനത്തിൽ നിന്ന് പുക ഉയർന്നെങ്കിലും കനത്തമഴയിൽ തീപിടിക്കാതിരുന്നത് രക്ഷയായി. ഇന്ധനം ചോർന്നതായി ആശങ്കയുയർന്നെങ്കിലും വിമാനത്താവളത്തിലെ ഫയർഫേഴ്സിന്റെ സമയബന്ധിതമായ ഇടപെടൽ തുണച്ചു.
അപകടത്തിന് പിന്നാലെ വിമാനത്താവളത്തിലെ ആംബുലൻസുകളിൽ യാത്രക്കാരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രികളിലാണ് ആദ്യമെത്തിച്ചത്. അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം വർദ്ധിച്ചതോടെ എയർപോർട്ട് ടാക്സികളിലും സ്വകാര്യവാഹനങ്ങളിലുമടക്കം കിട്ടുന്ന വാഹനങ്ങളിലെല്ലാം യാത്രക്കാരെ ആശുപത്രികളിലെത്തിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 108 ആംബുലൻസുകളടക്കം മുഴുവൻ ആംബുലൻസുകളും കരിപ്പൂരിലെത്തി. കാറുകളടക്കമുള്ള വാഹനങ്ങളുടെ നിര തന്നെയെത്തിയെങ്കിലും ഗുരുതര പരിക്കേറ്റവരെ ഇതിൽ കൊണ്ടുപോവാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും നഗരത്തിലെ പ്രധാന സ്വകാര്യ ആശുപത്രികളിലേക്കും കൊണ്ടുപോയി. ഇതിനകം തന്നെ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിരുന്നതിനാൽ സംവിധാനങ്ങൾ വേഗത്തിലൊരുക്കി. കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും ആശുപത്രികളിൽ ഉറപ്പാക്കി. മലപ്പുറം, കോഴിക്കോട് ഡി.എം.ഒമാരുടെ നേതൃത്വത്തിലായിരുന്നു ഈ പ്രവർത്തനങ്ങൾ. രണ്ട് ജില്ലകളിൽ നിന്നുള്ള ഫയർഫോഴ്സ് വാഹനങ്ങളും ഐ.ജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വമേകി.
എയർപോർട്ടിൽ കൺട്രോൾ റൂം തുറന്നു. ഫോൺ: 04832719493