ലാൻഡിംഗ് പിഴവെന്നും സംശയം
ബ്ലാക് ബോക്സ് കണ്ടെടുത്തു
മലപ്പുറം: കരിപ്പൂരിലെ ടേബിൾ ടോപ് വിമാനത്താവളത്തിൽ കനത്ത മഴയിൽ റൺവേയിലെ വഴുക്കലിൽ വിമാനം തെന്നിയതാവാം ദുരന്തത്തിന് കാരണമെന്ന പ്രാഥമിക നിഗമനവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. പ്രതികൂല കാലാവസ്ഥയിൽ റൺവേയിൽ വിമാനം നിയന്ത്രിച്ച് നിറുത്താനായിട്ടുണ്ടാവില്ലെന്നും കരുതുന്നു.
കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി കരിപ്പൂരിൽ അറിയിച്ചതാണ് ഇക്കാര്യം. ബ്ലാക് ബോക്സ് പരിശോധിക്കുമ്പോഴേ യഥാർത്ഥ കാരണം വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു.
ദുരന്തം രണ്ടു സംഘങ്ങൾ അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു. എയർക്രാഫ്റ്റ് ആക്സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും ഡി.ജി.സി.എയും (ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ) ആണ് അന്വേഷിക്കുന്നത്. എയർ ഇന്ത്യ സി.ഇ.ഒയും ടെക്നിക്കൽ ടീമും സ്ഥലത്ത് പരിശോധന നടത്തി. കരിപ്പൂരിൽ മന്ത്രി അടിയന്തര യോഗം വിളിച്ചു സ്ഥിതി വിലയിരുത്തി.
വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു. ഡിജിറ്റൽ ഫ്ലൈറ്റ് ഡേറ്റാ റെക്കോർഡറും കോക്ക്പിറ്റ് വോയ്സ് റെക്കാഡറും ഉൾപ്പെടുന്ന ബ്ലാക് ബോക്സ് മുംബയിലാണ് പരിശോധിക്കുന്നത്. ഫലമറിയാൻ രണ്ട് ദിവസമെടുക്കും. അപകടത്തിന് തൊട്ടുമുൻപ് വിമാനം എത്ര ഉയരത്തിലായിരുന്നു, വേഗത, സ്ഥാനം, പൈലറ്റും എയർട്രാഫിക് കൺട്രോളും തമ്മിലുള്ള ആശയവിനിമയം എന്നിവ ഈ ഉപകരണങ്ങളിൽ റെക്കാഡ് ചെയ്യപ്പെടുന്നുണ്ട്. കരിപ്പൂരിലെ കൺട്രോൾ ടവറിൽ നിന്ന് സംഭാഷണങ്ങളും സന്ദേശങ്ങളുമടങ്ങിയ ടേപ്പുകൾ ഡി.ജി.സി.എ ശേഖരിച്ചു.
അതേസമയം, പൈലറ്റിന് ലാൻഡിംഗിൽ പിഴവ് സംഭവിച്ചതായും സംശയം ബലപ്പെടുന്നുണ്ട്.
പരിശോധിക്കുന്നത്
ലാൻഡിംഗ് പാളിച്ചയുണ്ടോ? ആദ്യ ലാൻഡിംഗ് പരാജയപ്പെടാൻ മഴ മാത്രമാണോ കാരണം? ആദ്യശ്രമത്തിൽ താഴ്ന്ന വിമാനം വീണ്ടും ഉയർന്നോ? യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ച് ഏറെ കഴിഞ്ഞാണ് വിമാനം രണ്ടാമതും ലാൻഡിംഗിന് ശ്രമിച്ചത്. പൈലറ്റും എ.ടി.സിയും തമ്മിലുള്ള ആശയവിനിമയത്തിൽ പാളിച്ചയുണ്ടായോ? ടയറുകളുടെയും ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സംവിധാനത്തിന്റെയും പ്രവർത്തനം. വിമാനത്തിന്റെ ടയറുകൾക്കും റൺവേയ്ക്കും ഇടയിൽ നേർത്ത ജല പാളി വന്നാൽ വിമാനം തെന്നുന്ന അക്വാ പ്ലെയ്‌നിംഗ് സംഭവിച്ചോ? റൺവേയുടെ പ്രതലത്തിൽ പിഴവുകളുണ്ടോ? പൈലറ്റിന് റൺവേ കൃത്യമായി മനസിലാക്കാൻ കഴിയാത്ത റൺവേ ഇല്യൂഷൻ സംഭവിച്ചിരിക്കാമോ?
സാങ്കേതിക പിഴവുണ്ടോ?
അപകടം സാങ്കേതിക തകരാർ മൂലമാണെന്ന പ്രചാരണമുണ്ട്. എങ്കിൽ പൈലറ്റ് കൺട്രോൾ ടവറിൽ അറിയിക്കണം. അടിയന്തര ഘട്ടങ്ങളിൽ അയയ്‌ക്കുന്ന എസ്.ഒ.എസ് സന്ദേശം പൈലറ്റ് നൽകിയിട്ടില്ലെന്നാണ് വിവരം. എമർജൻസി ലാൻഡിംഗിന്റെ സൂചനകളും ഇല്ല. സാധാരണ ലാൻഡിംഗിനാണ് പൈലറ്റ് തയ്യാറെടുത്തതെന്ന് എയർപോർട്ട് അതോറിട്ടിയിലെ മുൻഉദ്യോഗസ്ഥൻ പറയുന്നു.
മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം
മലപ്പുറം: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് എയർ ഇന്ത്യയും സംസ്ഥാന സർക്കാരും 10 ലക്ഷം രൂപ വീതം ധനസഹായം നൽകും. ഗുരുതര പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കുള്ളവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. എയർ ക്രാഫ്റ്റ് ഇൻഷ്വറൻസും മറ്റ് ഏജൻസികളിൽ നിന്നുള്ള ആനുകൂല്യവും തുടർന്ന് ലഭിക്കും. സംസ്ഥാനത്തിന്റെ സഹായം മുഖ്യമന്ത്രിയാണ് പ്രഖ്യാപിച്ചത്. പരിക്കേറ്റവരുടെ ചികിത്സാ ചെലവും സംസ്ഥാനം വഹിക്കും.
കരിപ്പൂർ വിമാനാപകടത്തെ പറ്റി വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിമാനത്തിന്റെ എൻജിൻ ഓഫായത് പരിശോധിക്കും
വി.മുരളീധരൻ, കേന്ദ്ര സഹമന്ത്രി
അപകടം നിർഭാഗ്യകരമാണ്. എമർജൻസി റെസ്‌ക്യൂ ടീം രക്ഷാപ്രവർത്തനവുമായി ഉണർന്നു പ്രവർത്തിച്ചു
ഹർദീപ് സിംഗ് പുരി , കേന്ദ്ര വ്യോമയാന മന്ത്രി