karipur-air-crash

കൊണ്ടോട്ടി:വിമാനദുരന്തത്തിൽ പെട്ട നിരവധി പേരുടെ ജീവനുകൾ രക്ഷിച്ചത് കൊവിഡ് ഭീതിയും കനത്ത മഴയും മറികടന്ന് നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനമാണ്. കണ്ടെയ്ൻമെന്റ് സോണിലുള്ള പ്രദേശമായിട്ടും എല്ലാം മറന്ന് അവർ ഒത്തുകൂടി. രണ്ടായി പിളർന്ന് പുകയുയരുന്ന വിമാനം പൊട്ടിത്തെറിക്കാനോ തീപിടിക്കാനോ സാദ്ധ്യത ഉണ്ടായിട്ടും കൈമെയ് മറന്ന് നാട്ടുകാർ ഇടപെടുകയായിരുന്നു .

ഇടിമുഴക്കമോ വിമാനത്താവളത്തിൽ പക്ഷികളെ തുരത്താനുള്ള വെടിയൊച്ചയോ ആവാമെന്നാണ് ആദ്യം സമീപവാസികൾ കരുതിയത്. അസാധാരണ ശബ്ദങ്ങൾ കേട്ട് പുറത്തിറങ്ങിയപ്പോഴാണ് തകർന്ന വിമാനം കണ്ടത്. വിമാനത്താവളത്തിന്റെ ചുറ്റു മതിൽ ഇടിച്ചു തകർത്തിരുന്നു. ഉടനെ,​ റോഡിലൂടെ പോയ വാഹനങ്ങൾ തടഞ്ഞ് എൻജിൻ ഓഫ് ചെയ്യാൻ നാട്ടുകാരാവശ്യപ്പെട്ടു. മതിലിന്റെ ഗേറ്റു തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും സുരക്ഷാജീവനക്കാരൻ തയ്യാറായില്ല. വിമാനത്തിൽ നിന്ന് നിലവിളി ശക്തമായതോടെ നാട്ടുകാർ ഗേറ്റിൽ തട്ടി ബഹളമുണ്ടാക്കി തുറക്കാൻ ആവശ്യപ്പെട്ടു. ഗേറ്റ് തുറന്നെങ്കിലും സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ അകത്തേക്ക് കടക്കരുതെന്നായി നിർദ്ദേശം. ഇതിനിടെ വിമാനത്തിൽ നിന്ന് തെറിച്ചുവീണ ഒരു യാത്രക്കാരൻ മുടന്തി അടുത്തെത്തി നാട്ടുകാരോട് സഹായം അഭ്യർത്ഥിച്ചു. ഫയർഫോഴ്സ് യൂണിറ്റും മറ്റും എത്തിയതോടെ നാട്ടുകാരും അകത്തു കടന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. പ്രളയസാദ്ധ്യതയെ തുടർന്ന് നിലമ്പൂരിലും മറ്റും വിന്യസിച്ച ജില്ലയിലെ ഫയർഫോഴ്സ് എത്തിയപ്പോഴേക്കും നാട്ടുകാർ പകുതിയോളം പേരെ രക്ഷപ്പെടുത്തിയിരുന്നു. വിമാനം പിളർന്ന ഭാഗത്തെ യാത്രക്കാരെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. കോക്ക്‌പിറ്റിലും പിന്നിലും കുടുങ്ങിയവരെ ഫയർഫോഴ്സ് പുറത്തെടുത്തു.

ആദ്യം പുറത്തെടുത്തവരെ കണ്ട വാഹനങ്ങളിലെല്ലാം കയറ്റി സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലെത്തിച്ചു. ചോരയിൽ കുളിച്ച പിഞ്ചുകുഞ്ഞുങ്ങളെ ഉൾപ്പെടെ വാരിയെടുത്ത് ടിപ്പർ,​ ഓട്ടോറിക്ഷകൾ,​ ഗുഡ്സ് ഓട്ടോ,​ സ്വകാര്യ വാഹനങ്ങൾ എന്നിവയിലെല്ലാം കയറ്റിക്കൊണ്ടുപോയതോടെ ഗുരുതരമായി പരിക്കേറ്റവർക്ക് വേഗത്തിൽ പ്രഥമശുശ്രൂഷ ലഭ്യമാക്കാൻ കഴിഞ്ഞു.

തകർന്ന വിമാനത്തിന്റെ ചിത്രം വാട്സാപ്പിൽ പ്രചരിച്ചതോടെ നാട്ടുകാർ മിനിറ്റുകൾക്കുള്ളിൽ കുതിച്ചെത്തി. പരിക്കേറ്റവർക്ക് രക്തം വേണമെന്ന് അറിയിപ്പുകളെത്തുടർന്ന് കോഴിക്കോട്ടെ ആശുപത്രികൾക്ക് മുന്നിൽ രക്തദാനത്തിനും ആളുകൾ തടിച്ചുകൂടി. അർദ്ധരാത്രിയും പ്രതികൂല സാഹചര്യങ്ങൾ വകവയ്ക്കാതെ ജനങ്ങൾ ഒഴുകിയെത്തി. ബ്ളഡ് ബാങ്കുകൾക്ക് മുന്നിൽ മഴയത്ത് വരിനിൽക്കുകയായിരുന്നു ജനങ്ങൾ.