കൊണ്ടോട്ടി: കുന്നു പോലെ ഉയർന്ന പ്രദേശത്തിന്റെ മുകൾ ഭാഗം നിരത്തി നിർമ്മിക്കുന്ന റൺവേ ആണ് ടേബിൾടോപ്പ് എന്ന് പറയുന്നത്. മേശപ്പുറം പോലയുള്ള പ്രതലത്തിൽ നിന്ന് തെന്നിയാൽ മൂക്കൂകുത്തി വീഴും.
158 പേർ മരിച്ച ദുരന്തമുണ്ടായ മംഗലാപുരം ടേബിൾ ടോപ് വിമാനത്താവളത്തിന് സമാനമാണ് കരിപ്പൂരും. ചുറ്റുപാടിൽ നിന്ന് ഉയർന്നാവും റൺവേ. വിമാനങ്ങൾ താഴ്ചയിലേക്ക് കൂപ്പുകുത്താനും വലിയ ദുരന്തത്തിനും കാരണമാവും. ഇത്തരം എയർഫീൽഡുകളിൽ വിമാനം പറത്താനും ഇറക്കാനും പരിചയസമ്പന്നരായ പൈലറ്റുമാരെയാണ് നിയോഗിക്കാറ്. പ്രതികൂല കാലാവസ്ഥയിൽ ഇത്തരം റൺവേകൾ ഒഴിവാക്കാനാണ് പൈലറ്റുമാർ ശ്രമിക്കുക. സഹപൈലറ്റുമാർക്ക് ടേബിൾ ടോപ് റൺവേയിൽ ലാൻഡിംഗിന്റെ ചുമതല നൽകില്ല.
ടേബിൾ ടോപ് റൺവേകൾ സൃഷ്ടിക്കുന്ന ഒപ്ടിക്കൽ ഇല്യൂഷൻ പ്രതിഭാസമാണ് ഏറ്റവും അപകടകരം. റൺവേയിലേക്ക് താഴ്ന്നിറങ്ങുമ്പോൾ വിൻഡ് സ്ക്രീനിലൂടെയുള്ള കാഴ്ചയിൽ റൺവേ യഥാർത്ഥത്തിലുള്ളതിലും അടുത്തും അകന്നും ഉയർന്നും താഴ്ന്നുമൊക്കെയാണെന്ന് തോന്നും വിധം മിഥ്യാധാരണകൾ സൃഷ്ടിക്കപ്പെടാം. ലാൻഡിംഗ് കണക്കുകൂട്ടലുകൾ ഇത് തെറ്റിക്കാം.
കരിപ്പൂരിലും മംഗലാപുരത്തും ടേബിൾ ടോപ് റൺവേയുടെ നീളം 9,000 അടിയാണെങ്കിലും ലാൻഡിംഗ് ദുർഘടമാണ്. എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ ബോയിംഗ് 777-200 പോലുള്ള വലിയ വിമാനങ്ങളിറങ്ങാൻ ഉതകുന്ന തരത്തിൽ അടുത്തിടെ കരിപ്പൂരിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയ 90 മീറ്ററിൽ നിന്ന് 240 മീറ്റർ ആയി വർദ്ധിപ്പിച്ചിരുന്നു. പക്ഷേ, റൺവേയുടെ നീളം കൂട്ടിയില്ലെന്നത് പോരായ്മയാണ്. ഇതിന് സ്ഥലം ഏറ്റെടുക്കാൻ എതിർപ്പുകളുണ്ട്.
2700 മീറ്ററാണ് കരിപ്പൂരിലെ റൺവേയുടെ നീളം
ഗുണങ്ങളും ഉണ്ട്
ടേബിൾടോപ് റൺവേകളെല്ലാം അപകടകരമാണെന്ന ധാരണ ശരിയല്ല. ഇവയ്ക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. പ്രളയസമയത്ത് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടപ്പോൾ കേരളത്തിന് കരുത്തായത് കരിപ്പൂർ വിമാനത്താവളമാണ്. പ്രളയങ്ങൾ ഇത്തരം വിമാനത്താവളങ്ങളെ ബാധിക്കില്ല. നിരവധി ഇന്റർനാഷണൽ വിമാനക്കമ്പനികൾ കരിപ്പൂരിലേക്ക് എത്താനിരിക്കേ റൺവേയ്ക്കെതിരായ പ്രചാരണം ദോഷം ചെയ്യും
സി.ഇ. ചാക്കുണ്ണി
കരിപ്പൂർ വിമാനത്താവള ഉപദേശക സമിതി അംഗം