മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ വിശദ പരിശോധനയ്ക്ക് ശേഷമാണ് അനുമതി നൽകിയതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. അനുവാദമില്ലാത്ത റൺവേയിൽ ഒരു വിമാനവും ഇറങ്ങില്ലെന്നും കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറക്കാൻ പാടില്ലെന്ന തരത്തിലുള്ള ഒരു റിപ്പോർട്ടും തന്റെ അറിവിൽ ഇല്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. വന്ദേ ഭാരത് മിഷന്റെ ഭാഗമായി കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങിയിട്ടുണ്ട്. റൺവേയുടെ നവീകരണ പ്രവൃത്തി നടത്തിയ സമയത്ത് മാത്രമാണ് വിമാന സർവീസ് നിറുത്തിവച്ചതെന്നും മന്ത്രി പറഞ്ഞു.