മലപ്പുറം: റെഡ് അലേർട്ടിലും ചാലിയാറിന്റെ വൃഷ്ടിപ്രദേശങ്ങളിലും മഴ കുറഞ്ഞതോടെ വെള്ളപ്പൊക്ക ആശങ്ക താത്ക്കാലികമായി. ഇന്നലെ ജില്ലയുടെ മലയോര മേഖലകളിലും കാര്യമായ മഴയുണ്ടായിരുന്നില്ല. വയനാട്ടിലും നീലഗിരി, ദേവാല മേഖലയിലും മഴ കുറഞ്ഞത് തുണയായി. ഇന്ന് ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. ചാലിയാറിന്റെ വൃഷ്ടിപ്രദേശങ്ങളുൾപ്പെടുന്ന വയനാട്ടിൽ യെല്ലോ അലർട്ടാണ്. 11, 12 ദിവസങ്ങളിൽ ജില്ലയിൽ നേരിയതോ മിതമായതോ ആയ മഴയേ ഉണ്ടാവൂ എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്. 15.56 മുതൽ 64.4 മില്ലീമീറ്റർ മഴയാണ് പ്രതീക്ഷിക്കുന്നത്. ഈ ദിവസങ്ങളിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ടുള്ളത്. ഇത് ജില്ലയിലെ പുഴകളുടെ ജലനിരപ്പിനെ കാര്യമായി സ്വാധീനിക്കില്ല. ചാലിയാറിലും കൈവഴികളിലും ഇന്നലെ വെള്ളത്തിന്റെ അളവ് കാര്യമായി കുറഞ്ഞിട്ടുണ്ട്. ഇതു വലിയ ആശ്വാസമാണേകുന്നതെന്ന് നിലമ്പൂർ ഫയർ സ്റ്റേഷൻ ഓഫീസർ എം.അബ്ദുൾ ഗഫൂർ പറഞ്ഞു.
നാടുകാണി ചുരത്തിൽ ഒന്നാംവളവിന് മുകളിലായി ഇന്നലെ രാവിലെയോടെ 30 മീറ്ററോളം നീളത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. വിള്ളലുണ്ടാവാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ രാത്രി എട്ടുമുതൽ രാവിലെ ആറു വരെ നാടുകാണി മുതൽ നിലമ്പൂർ വരെ ചരക്ക് വാഹനങ്ങൾക്കടക്കം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ആവർത്തിക്കാതിരിക്കട്ടെ
പ്രളയക്കെടുതി അതിരൂക്ഷമായി അനുഭവിച്ച 2019ൽ ആഗസ്റ്റ് ആറുമുതൽ 11 വരെയാണ് ജില്ലയിൽ ശക്തമായ മഴ ലഭിച്ചത്. പിന്നാലെ മഴയുടെ തോത് തീർത്തും കുറയുകയായിരുന്നു. എന്നാൽ 2018ൽ ആഗസ്റ്റ് രണ്ടുതവണയായി വെള്ളപ്പൊക്കമുണ്ടായി. ആഗസ്റ്റ് 10ന് ജില്ലയുടെ പലഭാഗങ്ങളും വെള്ളക്കെട്ടിലായിരുന്നു. തൊട്ടുപിന്നാലെ വെള്ളം ഒലിച്ചുപോയെങ്കിലും ആഗസ്റ്റ് 14 മുതൽ സംസ്ഥാനമൊന്നാകെ വെള്ളപ്പൊക്കം ഉണ്ടായതോടെ ജില്ലയും ഇതിന്റെ കെടുതിയിലായി. ഇത്തവണ 2018 ആവർത്തിക്കില്ലെന്ന പ്രതീക്ഷയിലാണ് ഏവരും.
ഇന്നലെ പെയ്ത മഴ
സ്റ്റേഷൻ മില്ലീമീറ്റർ
പൊന്നാനി - 63
മഞ്ചേരി - 23.4
അങ്ങാടിപ്പുറം- 28.7
പെരിന്തൽമണ്ണ- 32
കരിപ്പൂർ 32.2