ചെറുമുക്ക് കക്കാട് റോഡ് വെള്ളം കയറിയ നിലയിൽ
തിരൂരങ്ങാടി: ശക്തമായ മഴയെ തുടർന്ന് തിരൂരങ്ങാടി താലൂക്കിൽ 272 വീടുകളിൽ വെള്ളം കയറി. ഇതിൽ 1207 പേർ ബന്ധുവീട്ടിലേക്ക് താമസം മാറി. തുടർച്ചയായി പെയ്തതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. താലൂക്കിലെ തിരൂരങ്ങാടി, പറപ്പൂർ, വേങ്ങര, എ.ആർ നഗർ എന്നീ വില്ലേജുകളിൽ പെട്ട സ്ഥലങ്ങളിലാണ് ഇന്നലെ വെള്ളം കയറിയത്, തിരൂരങ്ങാടി പുളിഞ്ഞിടത്ത് പാടത്ത് നിരവധി വീടുകളിൽ വെള്ളം കയറി. ചെറുമുക്ക് കക്കാട് റോഡ്, പെരുമ്പുഴ പുതുപ്പറമ്പ് റോഡ് ,
കൂരിയാട് തിരൂരങ്ങാടി പനമ്പുഴ റോഡ് എന്നിവിടങ്ങളിൽ വെള്ളം കയറി ഗതാഗതം പൂർണമായും തടസപ്പെട്ടു. തിരൂരങ്ങാടി ഭാഗത്തെ പലയിടങ്ങളിലും തോടുകളും കുളങ്ങളും വെള്ളം നിറഞ്ഞ് കരകവിഞ്ഞൊഴുകുന്ന നിലയിലാണ്. കടലുണ്ടിപ്പുഴയിലെ മണ്ണട്ടാംപാറ അണക്കെട്ട്, കീരനല്ലൂർ ന്യൂകട്ട് എന്നിവിടങ്ങളിൽ തടയണ കവിഞ്ഞ് വെള്ളം കടലിലേക്കൊഴുകുന്നുണ്ട്.