തിരൂരങ്ങാടി: വിമാനാപകടത്തിൽ പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന നന്നമ്പ്ര കുണ്ടുർ മൂലയ്ക്കൽ സ്വദേശി പൈനാട്ടിൽ കുഞ്ഞിമുഹമ്മദ് (45), ചെമ്മാട് കരിപ്പറമ്പ് സ്വദേശി താഹിറ മൻസിലിൽ നിഹ്മത്തുള്ള (31) എന്നിവർ ഇനിയും നടുക്കത്തിൽ നിന്ന് മുക്തരായിട്ടില്ല. കുഞ്ഞിമുഹമ്മദ് കൈക്ക് പരിക്കേറ്റ് കോഴിക്കോട് ബീച്ചാശുപത്രിലും നിഹ്മത്തുള്ള ഷോൾഡറിനും ഊരയെല്ലിനും പരിക്കേറ്റ് കോട്ടയ്ക്കലിലെ സ്വകാര്യാശുപത്രിയിലും ചികിത്സയിലാണ്.
കുഞ്ഞിമുഹമ്മദ് പത്തുവർഷം ദുബായിൽ ചായക്കട നടത്തിയിരുന്നു. പിന്നീട് രണ്ടുവർഷം നാട്ടിൽ തുടർന്നു. കഴിഞ്ഞ ജനുവരിയിൽ മൂന്നുമാസ വിസിറ്റിംഗ് വിസയിൽ വീണ്ടും ദുബായിലേക്ക് പോയി ഹോട്ടൽ ജോലി നോക്കുന്നതിനിടെയാണ് ഗൾഫിൽ കൊവിഡ് പിടിമുറുക്കിയത്. ഇതിനിടെ വിസാ കാലാവധിയും തീർന്നു. നിഹ്മത്തുള്ള അഞ്ചുവർഷമായി ഒരു കമ്പനിയിലും തുടർന്ന് മറ്റൊരു കമ്പനിയിലും ജോലി ചെയ്ത് വരികയാണ്
വിമാനം റൺവേയിൽ നിന്ന് തെന്നിയ ഉടനെ ഉള്ളിൽ പുകനിറഞ്ഞു. ആദ്യം എന്താണെന്ന് മനസിലാകാതെ പകച്ചുനിന്നു. ഏമർജൻസി ഡോറിന്റെ അടുത്തായിരുന്നു സീറ്റ്. ഉടൻ അടുത്തിരുന്ന രണ്ടുപേർക്കൊപ്പം ഡോർ തുറന്ന് പുറത്തേക്ക് ചാടി.
-നിഹ്മത്തുള്ള.
കരിപ്പൂരെത്തിയെന്ന് അറിഞ്ഞതോടെ കാലിലെ ഷൂലേസ് കെട്ടുന്നതിന് തല കുനിഞ്ഞിരിക്കുന്നതിനിടെയാണ് അപകടം. കുത്തനെ വീണ വിമാനത്തിന്റെ സീറ്റിനടിയിൽ കുടുങ്ങിയ എന്നെ നാട്ടുകാരാണ് രക്ഷിച്ച് കാറിൽ ആശുപത്രിയിലെത്തിച്ചത്.
-കുഞ്ഞിമുഹമ്മദ്.