karipur-flight

മലപ്പുറം: കരിപ്പൂർ വിമാനാപകടത്തിന്റെ സാങ്കേതികവശങ്ങൾ പൊലീസ് അന്വേഷിക്കുക ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ) പരിശോധനാ റിപ്പോർട്ട് കിട്ടിയശേഷം. റിപ്പോർട്ടിൽ പാകപ്പിഴവുണ്ടോ എന്നതാവും പ്രധാനമായും പരിശോധിക്കുക. ആവശ്യമെങ്കിൽ സാങ്കേതിക വിദഗ്ദ്ധരുടെ സഹായം തേടും. അപകടത്തിൽപ്പെട്ടവരുടെയും ഡോക്ടർമാരുടെയും മൊഴിയെടുക്കുകയാണിപ്പോൾ പൊലീസ്.കേന്ദ്ര,​സംസ്ഥാന സർക്കാരുകൾ,​ എയർഇന്ത്യ,​ ഇൻഷ്വറൻസ് കമ്പനികളുടെ സാമ്പത്തിക സഹായം എന്നിവ ലഭിക്കാൻ പൂർത്തിയാക്കേണ്ട നടപടിക്രമങ്ങളിലാണ് പൊലീസ്. നഷ്ടപ്പെട്ട വിലപിടിപ്പുള്ള സാധനങ്ങൾ തിരിച്ചേൽപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. വിമാനത്തിന്റെയും യാത്രക്കാരുടെയും ക്രൂവിന്റെയും വിവരങ്ങൾ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ നിന്ന് രേഖാമൂലം ലഭിക്കാൻ പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്.സാങ്കേതിക വശങ്ങളൊഴികെ പൊലീസിന്റെ അന്വേഷണപരിധിയിൽ വരുന്ന മറ്റുകാര്യങ്ങളാണ് പരിശോധിക്കുകയെന്ന് ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീം പറഞ്ഞു. വിമാനമെങ്ങനെ അപകടത്തിൽപ്പെട്ടെന്ന ആഭ്യന്തര പരിശോധന മാത്രമാണ് ഡി.ജി.സി.എ നടത്തുന്നത്. കേസിൽ അട്ടിമറിയൊന്നും പ്രതീക്ഷിക്കാത്തതിനാൽ ഡി.ജി.സി.എ റിപ്പോർട്ട് അംഗീകരിക്കാനാണ് സാദ്ധ്യതയെന്നും അദ്ദേഹം പറഞ്ഞു.

സ്വാഭാവികമായുള്ള പൊലീസ് നടപടിക്രമങ്ങളാണിപ്പോൾ നടക്കുന്നതെന്നും മറ്റുതലങ്ങളിലേക്ക് കടന്നിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി പി.സി.ഹരിദാസ് പറഞ്ഞു. ഡി.ജി.സി.എയുടെ അന്വേഷണം പൂർത്തിയായ ശേഷമേ മഹസ്സർ തയ്യാറാക്കൂ.
ലാൻഡിംഗ് സമയത്തെ അശ്രദ്ധ മൂലമാണ് വിമാനാപകടമെന്നാണ് പൊലീസ് നിലമ്പൂ‌ർ ഒന്നാംക്ലാസ് മജിസ്ട്രേറ്റിൽ സമ‌ർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിലുള്ളത്. അശ്രദ്ധമായി അപകടമുണ്ടാക്കിയതിനുള്ള ഐ.പി.സി,​ എയർക്രാഫ്റ്റ് ആക്ടുകൾ പ്രകാരമാണ് കേസെടുത്തത്.