പൊന്നാനി: 'വിമാനം ലാന്റ് ചെയ്യാൻ പോകുന്നുവെന്ന അറിയിപ്പ് വന്നതോടെ സീറ്റ് ബെൽറ്റ് മുറുക്കി. ജനാലയിലൂടെ പുറത്ത് നോക്കിയപ്പോൾ റൺവേ കാണാം. പുറത്തു മഴ തിമിർത്ത് പെയ്യുന്നു. പെട്ടെന്ന് വിമാനമാകെ കുലുങ്ങി. താഴ്ന്നിറങ്ങിയ വിമാനം വീണ്ടും ഉയർന്നുപൊങ്ങുന്ന പോലെ . നിമിഷങ്ങൾക്കകം വലിയ ശബ്ദം. പൊടുന്നനെ വിമാനം നിന്നു. ഞങ്ങൾ സീറ്റിന് മുന്നിലേക്ക് മുഖം കുത്തി വീഴാൻ പോയി. തലയുയർത്തുമ്പോൾ മുന്നിലുള്ള സീറ്റുകളൊന്നും കാണുന്നില്ല. അവയെല്ലാം വേർപെട്ട് വേറെയായിരുന്നു. .' ഒമ്പതാം ക്ലാസുകാരി ഹന്ന സാബിക്കിന്റെ വാക്കുകളിൽ ഭീതിയുടെ നിഴലാട്ടം.
വിമാനത്തിലെ പതിമൂന്നാം വരിയിലെ സീറ്റിലായിരുന്നു ഹന്നയും ഉമ്മ നജിയയും അഞ്ചാംക്ലാസുകാരി അനുജത്തി ഹിഫ്സ സാബിക്കും നാലു വയസുകാരൻ ബിലാൽ സാബിക്കും ഇരുന്നിരുന്നത്. വിമാനം പിളർന്നതോടെ
റൺവേയിൽ കുടുങ്ങിയ ഭാഗത്തെ ആദ്യ നിരയിലായി ഇവർ. വിമാനം ഇടിച്ചു നിന്നതോടെ ലഗേജുകളെല്ലാം താഴേക്ക് വീണു.സീലിംഗിനകത്തെ വയറുകളുമായി ചുറ്റിപ്പിണഞ്ഞു. വിമാനമാകെ ഇരുട്ടായി. രക്ഷിക്കണേയെന്ന കൂട്ടക്കരച്ചിൽ. പലരും സീറ്റിനടിയിൽ കുടുങ്ങി. എമർജൻസി വാതിലിന്റെ അടുത്തായിരുന്നു. ഹന്നയും കുടുംബവും. വാതിലിലൂടെ വിമാനത്തിന്റെ ചിറകിലേക്കിറങ്ങി. അപ്പോഴേക്കും ഓടിക്കൂടിയ നാട്ടുകാർ കൈപിടിച്ച് താഴെയിറക്കി.
പുറത്തിറങ്ങിയ ശേഷമാണ് അപകടത്തിന്റെ ഭീകരത അറിഞ്ഞത്. നിമിഷ നേരം കൊണ്ടായിരുന്നു എല്ലാം. വിമാനം പൊട്ടിവീണ ആഘാതത്തിൽ ഹന്നയുടെ കൈക്കും ചുണ്ടിനും പരിക്കേറ്റു. ആദ്യം ആശുപത്രിയിലെത്തിച്ചവരിൽ ഇവരുണ്ടായിരുന്നു. നാലുപേരും കോഴിക്കോട്ടെ ആശുപത്രിയിൽ നിന്ന് തിങ്കളാഴ്ച്ച വീട്ടിലെത്തി ക്വാറന്റൈനിൽ പ്രവേശിച്ചു. കഴിഞ്ഞ മാർച്ച് 17നാണ് ദുബായിയിൽ എൻജിനീയറായ പൊന്നാനി സ്വദേശി കെ.കെ. സാബിക്കിന്റെ അടുത്തേക്ക് നാലംഗ കുടുംബമെത്തിയത്. ലോക്ക്ഡൗണിനെ തുടർന്ന് അവിടെ കുടുങ്ങി.