salute

മലപ്പുറം: 'സ്വന്തം ജീവൻ പോലും വകവയ്ക്കാതെ രക്ഷാപ്രവ‌ർത്തനം നടത്തിയ നിങ്ങൾക്ക് പകരമായി നൽകാൻ എന്റെ കൈയിലൊന്നുമില്ല. എല്ലാ പൊലീസുകാർക്കും വേണ്ടി ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നൊരു അഭിവാദ്യം. ഇതുപറഞ്ഞ് ഏറെ വൈകാരികമായി അദ്ദേഹം ‌ഞങ്ങൾക്ക് സല്യൂട്ടേകി. ഇതിന്റെ പേരിൽ നടപടി വന്നേക്കുമെന്ന് കേട്ടപ്പോൾ വലിയ വിഷമം'. കരിപ്പൂരിലെ വിമാനദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയവരിൽ ഉൾപ്പെട്ട ജുനൈദ് മുക്കൂട് പറഞ്ഞു. തൊട്ടടുത്തുള്ള മൂന്ന് വീടുകളിലായി 18 പേരാണ് ക്വാറന്റൈനിൽ കഴിയുന്നത്. ഞായറാഴ്ച വൈകിട്ട് അ‌ഞ്ചോടെയാണ് സീനിയർ സിവിൽ പൊലീസ് ഓഫീസറായ നിസാർ അരിപ്ര ഓരോ വീട്ടിലുമെത്തി രക്ഷാപ്രവർത്തകരോടുള്ള ആദരസൂചകമായി സല്യൂട്ടേകിയത്. പിന്നാലെ രക്ഷാപ്രവർത്തകരെ കേരള പൊലീസ് ആദരിച്ചെന്ന കുറിപ്പോടെ ചിത്രം പ്രചരിച്ചു. നടൻമാരായ സണ്ണിവെയ്നും സുരാജ് വെഞ്ഞാറമൂടുമടക്കമുള്ളവർ ചിത്രം പങ്കുവച്ചു. കരിപ്പൂരിലെ വിവിധ വീടുകളിലായി കൂട്ടമായും തനിച്ചും 300ഓളം പേരാണ് ക്വാറന്റൈനിൽ കഴിയുന്നത്. 

മലപ്പുറം കൺട്രോൾ റൂമിൽ നിന്ന് വിമാനദുരന്തമുണ്ടായ സ്ഥലത്തേക്ക് സ്പെഷ്യൽ ഡ്യൂട്ടിക്കെത്തിയതായിരുന്നു നിസാർ. സമീപത്ത് ക്വാറന്റൈനിൽ കഴിയുന്നവരുണ്ടെന്ന വിവരമറിഞ്ഞ് നാട്ടുകാരന്റെ സഹായത്തോടെയാണ് വീടുകളിലെത്തിയത്.10 മിനിട്ട് ഓരോയിടത്തും ചെലവഴിച്ചു. ക്വാറന്റൈനിൽ കഴിയുന്നവർ വീട്ടുമുറ്റത്തും നിസാർ റോഡിലുമായിരുന്നു. ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഔദ്യോഗിക പരിപാടിയാണിതെന്ന വാദം തള്ളിയ പൊലീസ് വിഷയത്തിൽ അന്വേഷണം തുടങ്ങി. പൊലീസുകാരനെതിരെ നടപടി വരുമെന്ന പ്രതീതി പരന്നു.

സല്യൂട്ടിന് സോഷ്യൽ മീഡിയയിലടക്കം വലിയ സ്വീകാര്യത ലഭിച്ചതോടെ അന്വേഷണ നടപടികൾ പൊലീസ് രഹസ്യമാക്കി. കരിപ്പൂർ സ്റ്റേഷനിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം സ്റ്റേഷൻ ഹൗസ് ഓഫീസർ നിഷേധിച്ചു. പൊലീസുകാരനെതിരെ നടപടിയെടുത്താൽ വലിയ പ്രതിഷേധം നേരിട്ടേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ ജില്ലാ കളക്‌ടർ ഇടപെട്ട് തുടർനടപടികൾ വേണ്ടെന്ന നിർദ്ദേശം ജില്ലാ പൊലീസ് മേധാവിക്ക് നൽകിയതായാണ് വിവരം. ക്വാറന്റൈൻ കാലാവധിക്ക് ശേഷം ഇവരെ ആദരിക്കാനും കളക്ടർക്ക് പദ്ധതിയുണ്ട്.