llll
.

മലപ്പുറം: സൗദിയിൽ സ്വദേശികളുടെ തൊഴില്ലായ്മ കുറയ്ക്കുന്നതിനായി കൊണ്ടുവന്ന ഫ്ളക്സിബിൾ വർക്ക് സിസ്റ്റം പ്രവാസികളെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്ക ശക്തമാകുന്നു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെയും വ്യക്തികളെയും ലക്ഷ്യമാക്കിയാണ് പുതിയ സംവിധാനം ഭരണകൂടം കൊണ്ടുവന്നിരിക്കുന്നത്.

പ്രവാസികൾക്ക് വിവിധ മേഖലകളിൽ തൊഴിൽ നഷ്ടപ്പെടാൻ ഇതിടയാക്കും. നിതാഖത്തിന് പിന്നാലെ തൊഴിൽ രംഗത്ത് പരിഷ്‌കരണ നടപടികളുമായി സൗദി ഭരണകൂടം മുന്നോട്ടു പോവുന്നത് മലയാളി സമൂഹത്തിന് അടക്കം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ഒരാൾക്ക് വിവിധ തൊഴിലുടമകളുടെ കീഴിൽ ചില മാനദണ്ഡങ്ങൾ പാലിച്ച് വിവിധ ജോലികൾ ചെയ്യാൻ അംഗീകാരം നൽകുന്നതാണ് ഫ്ളക്സിബിൾ വർക്ക് സംവിധാനം. ഈ സംവിധാനം പ്രാബല്യത്തിൽ വന്നതോടെ സ്വകാര്യ സ്ഥാപനങ്ങൾക്ക് സ്വദേശി യുവതീയുവാക്കളെ മണിക്കൂർ അടിസ്ഥാനത്തിൽ ജോലിക്ക് നിയമിക്കാൻ സാധിക്കും. എന്നാൽ, ഇങ്ങനെ നിയമിക്കുന്നവർക്ക് ലീവ് സാലറിയോ സർവീസ് ആനുകൂല്യങ്ങളോ നൽകേണ്ടതില്ലെന്നതിനാൽ തൊഴിലുടമകൾക്ക് ഇതേറെ ആശ്വാമാവും. ഇതോടൊപ്പം സ്വദേശികൾക്ക് കൂടുതൽ തൊഴിൽ നൽകാനും സാധിക്കും. ഇത്തരം സംവിധാനത്തിലൂടെയുള്ള സ്വദേശികളുടെ നിയമനം നിതാഖാത്തിൽ പരിഗണിക്കുമെന്നതിനാൽ പദ്ധതി നടപ്പാക്കാൻ സ്ഥാപനങ്ങൾ മുന്നോട്ടുവരുമെന്നാണ് അധികാരികളുടെ പ്രതീക്ഷ.

സ്വദേശികൾ ഇത്തരത്തിൽ വിവിധ സ്ഥാപനങ്ങളിൽ പാർട്ട് ടൈമായി ജോലിയിൽ വ്യാപകമായി പ്രവേശിക്കുന്നതോടെ വിദേശ തൊഴിലാളികൾക്ക് ഭീഷണിയുയരും. സാധാരണയുള്ള ജോലി സമയത്തിന്റെ പകുതിയിൽ താഴെ സമയമാവും ഫ്‌ളെക്സിബിൾ കരാർ പ്രകാരമുള്ള ജോലി സമയം. ഇത് ദിനംപ്രതിയെന്ന രീതിയിലോ ആഴ്ചയിൽ ഇഷ്ടമുള്ള ദിവസമെന്ന രീതിയിലോ ആകാം.