മലപ്പുറം: പാലക്കാട് റിലേ സർവീസിന് പിന്നാലെ ജില്ലയിൽ നിന്ന് തൃശൂരിലേക്കും കെ.എസ്.ആർ.ടി.സിയുടെ റിലേ സർവീസ് ആരംഭിച്ചു. രണ്ടിൽ കൂടുതൽ ജില്ലകളെ ബന്ധിപ്പിച്ച് കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്ന കെ.എസ്.ആർ.ടി.സി എം.ഡിയുടെ നിർദ്ദേശ പ്രകാരമാണ് കഴിഞ്ഞ ദിവസം മുതൽ തൃശൂരിലേക്ക് റിലേ സർവീസ് തുടങ്ങിയത്. കുറ്റിപ്പുറമാണ് ജില്ലയിലെ റിലേ ഹബ്. യാത്രക്കാർക്ക് ഇവിടെ ഇറങ്ങി മാറിക്കയറാം.വൈകാതെ പൊന്നാനിയിൽ നിന്നും സർവീസ് ആരംഭിക്കും. പൊന്നാനിയിൽ നിന്നാരംഭിച്ച് കുറ്റിപ്പുറത്തെത്തി തൃശൂരിലേക്ക് റിലേ സർവീസായി പോവും. പാലക്കാട്ടേക്ക് റിലേ സർവീസ് തുടങ്ങിയപ്പോഴും തൃശൂരിലേക്ക് സർവീസ് തുടങ്ങാത്തത് നിരവധി യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. തൃശൂർ റിലേ സർവീസ് മുടങ്ങാതിരിക്കാൻ ബസുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന നിർദ്ദേശവും ഡിപ്പോ അധികൃതർക്ക് നൽകിയിട്ടുണ്ട്.
ബസുകളുണ്ട്, സർവീസ് കുറവ്
കൊവിഡിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർ കുറഞ്ഞതോടെ ജില്ലയിൽ മിക്ക ഡിപ്പോകളിലും സർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. മലപ്പുറം ഡിപ്പോയിൽ ലോക്ക്ഡൗണിന് ശേഷം 21 സർവീസുകൾ തുടങ്ങിയതിൽ 15 സർവീസുകൾ മാത്രമാണിപ്പോഴുള്ളത്. ഇതിനാൽ റിലേ സർവീസുകൾക്ക് ബസുകളുടെ കുറവ് നേരിടില്ല. ഓരോ അരമണിക്കൂർ ഇടവിട്ടും റിലേ സർവീസുകൾ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തൃശൂരിൽ നിന്ന് രാവിലെ 5.30ന് തുടങ്ങുന്ന ആദ്യ സർവീസ് 7.10ന് കുറ്റിപ്പുറത്തെത്തും. ഇവിടെ നിന്ന് കോഴിക്കോട്ടേക്കും സർവീസ് നടത്തും. കോഴിക്കോട് നിന്ന് രാവിലെ ആറിന് പുറപ്പെടുന്ന ആദ്യ സർവീസ് 8.30ന് കുറ്റിപ്പുറത്തെത്തും. ഈ സമയത്ത് തൃശൂരിലേക്ക് പോവുന്ന ബസിൽ യാത്രക്കാർക്ക് കയറാനാവും.
അന്തർജില്ലാ യാത്രാപ്രശ്നം പരിഹരിക്കുന്നതിനൊപ്പം കൂടുതൽ സർവീസുകൾ ആരംഭിക്കുക കൂടി ലക്ഷ്യമിട്ടാണ് തൃശൂരിലേക്ക് റിലേ സർവീസ് തുടങ്ങിയത്. കൊവിഡിന് പിന്നാലെ യാത്രക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. പല ഡിപ്പോകളിലും സർവീസ് താത്ക്കാലികമായി വെട്ടിച്ചുരുക്കേണ്ട അവസ്ഥയിലാണ്.
രത്നാകരൻ, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ