lockdown
.

മലപ്പുറം: ജില്ലയിൽ കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ജില്ലയിൽ ഞായറാഴ്ച സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിച്ചു.

വിവാഹം, മരണം, മെഡിക്കൽ എമർജൻസി, മെഡിക്കൽ സ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ എന്നിവയ്ക്ക് ലോക്ക് ഡൗൺ ബാധകമല്ല. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പരമാവധി 20 പേരേ പങ്കെടുക്കാവൂ. സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും രോഗികൾ സാമൂഹിക അകലം പാലിക്കണം. ഒരേ സമയം കൂടുതൽ രോഗികൾ ക്ലിനിക്കിൽ എത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം. ബുക്കിംഗ് സംവിധാനത്തിന് നടപടികളെടുക്കണം. നിയമലംഘനം നടത്തുന്ന ക്ലിനിക്കുകൾ അടച്ചുപൂട്ടും. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും കച്ചവട സ്ഥാപനങ്ങളിലും സാമൂഹിക അകലം കാണിക്കുന്ന അടയാളങ്ങൾ രേഖപ്പെടുത്തണം. അത്യാവശ്യമല്ലാത്ത സന്ദർശനങ്ങൾ പൂർണ്ണമായും ഒഴിവാക്കണം.

ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും യോഗം തീരുമാനിച്ചു. തേഞ്ഞിപ്പലം സി.എഫ്.എൽ.ടി.സിയിൽ കൊവിഡ് പരിശോധനയ്ക്കുള്ള സൗകര്യമൊരുക്കും. പെരിന്തൽമണ്ണ എം.ഇ.എസ് ആർട്സ് കോളേജിൽ സജ്ജീകരിച്ച ആശുപത്രിയിൽ 120 കിടക്കകളും 13 പേർക്കുള്ള തീവ്രപരിചരണ വിഭാഗവും നാളെ പ്രവർത്തന സജ്ജമാകും. ഇ.എം.എസ് നഴ്സിംഗ് ഹോസ്റ്റൽ 100 കിടക്കകളുള്ള കൊവിഡ് ആശുപത്രിയായി മാറ്റി. ഇവിടെ ഇന്നുമുതൽ രോഗികളെ പ്രവേശിപ്പിക്കും. നിലമ്പൂർ ഐ.ജി.എം.ആർ ഹോസ്റ്റലിലെ സി.എഫ്.എൽ.ടി.സി ബുധനാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും. ആവശ്യമെങ്കിൽ കൊവിഡ് ആശുപത്രിയാക്കും. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഒരു ബ്ലോക്ക് കൊവിഡ് സ്‌ക്രീനിംഗിന് ഉപയോഗിക്കും. മറ്റൊരു ബ്ലോക്കിൽ രോഗികളെ ചികിത്സിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. പാലേമാട് വിവേകാനന്ദ സ്‌കൂൾ സി.എഫ്.എൽ.ടി.സിയാക്കി മാറ്റും. ജില്ലയിൽ കൂടുതൽ സൗകര്യമൊരുക്കാൻ സർക്കാർ നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സൗകര്യമൊരുക്കുന്നത്.